ublnews.com

ഗാസ്സയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ജോർഡൻ ഇടപെടലുകളെ പ്രശംസിച്ച് നരേന്ദ്ര മോദി

ഗസ്സയിലെ വംശഹത്യ തടയുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ജോർഡൻ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. ഇന്ത്യാ-ജോർഡൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജോർഡനിലെത്തിയതാണ് മോദി. 37 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജോർഡനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.

ഗസ്സ വിഷയത്തിൽ ജോർഡൻ തുടക്കം മുതലേ വളരെ സജീവവും ക്രിയാത്മകവുമായ പങ്കാണ് വഹിച്ചത്. ഗസ്സയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നുവെന്ന് മോദി പറഞ്ഞു. ഗസ്സയിലെ ദുരിതബാധിതർക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനെക്കുറിച്ചും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതിനെക്കുറിച്ചും മോദിയും അബ്ദുല്ല രാജാവും ചർച്ച നടത്തിയതായി ജോർഡനിയ പ്രസ്താവിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും ഒക്ടോബർ 10ന് ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഇസ്രായേൽ നൂറു തവണ ലംഘിച്ചതായി റിപ്പോർട്ടുകളുണ്ട്. കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും വെടിനിർത്തലോ മാനുഷിക സഹായമോ ഗസ്സയിൽ പൂർണമായി നടപ്പിലായിട്ടില്ല. നിരായുധീകരണം, യുദ്ധാനന്തര ഭരണം, പുനർനിർമ്മാണം തുടങ്ങിയ രണ്ടാം ഘട്ട കരാർ വ്യവസ്ഥകൾ അനിശ്ചിതത്വത്തിലാണ്.

1994ൽ ഇസ്രായേലുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവച്ച ജോർഡൻ ഗസ്സ വംശഹത്യയിൽ പ്രധാനപ്പെട്ട മാനുഷിക പങ്ക് വഹിച്ചിട്ടുണ്ട്. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുനരധിവസിപ്പിക്കാനുള്ള ട്രംപിന്റെ നിർദ്ദേശം ജോർഡൻ പൂർണ്ണമായും നിരസിച്ചിരുന്നു. ഏതെങ്കിലും അന്താരാഷ്ട്ര സേനയുടെ ഭാഗമായി ജോർഡൻ സൈന്യത്തെ ഗസ്സയിലേക്ക് അയക്കുന്നതിനെയും രാജാവ് തള്ളിക്കളയുകയും ഫലസ്തീൻ പൊലീസിനെ പരിശീലിപ്പിക്കാൻ സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഭീകരത, തീവ്രവാദം, എന്നിവക്കെതിരായ ജോർഡന്റെ നിലപാടും മോദി എടുത്തു പറഞ്ഞു. അബ്ദുല്ല രാജാവിന്റെ നേതൃത്വത്തിൽ രാജ്യം എല്ലാ മനുഷ്യരാശിക്കും ശക്തവും തന്ത്രപരവുമായ സന്ദേശം നൽകിയിട്ടുണ്ട്. യു.എൻ പരിപാടിയിൽ അബ്ദുല്ലയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയും 2018ൽ ഇന്ത്യയിലെ ഇസ്‍ലാമിക പൈതൃകത്തെക്കുറിച്ചുള്ള സമ്മേളനത്തിൽ അബ്ദുല്ല രാജാവ് പ​ങ്കെടുത്തതും മോദി ചൂണ്ടിക്കാട്ടി. 2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദിയെ വിളിച്ച ആദ്യ ലോക നേതാക്കളിൽ ഒരാളാണ് അബ്ദുല്ല രാജാവ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top