
ബെയ്റൂട്ട്∙ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രായേൽ ആക്രമണം. തെക്കൻ ലബനനിലെയും കിഴക്കൻ ലബനനിലെയും കേന്ദ്രങ്ങളിലാണ് ആക്രമണം. ഒരു ഡസനോളം കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായി ലബനൻ ഔദ്യോഗിക ന്യൂസ് ഏജൻസി അറിയിച്ചു. ഇസ്രായേൽ അതിർത്തിയിൽ നിന്ന് 30 കി.മീ ദൂരത്തിലുള്ള കേന്ദ്രവും ആക്രമിച്ചവയിൽ ഉൾപ്പെടും.
2024 നവംബറിൽ ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തലിലെത്തിയിരുന്നു. ഈ ധാരണ നിലനിൽക്കെയാണ് ഇസ്രായേലിന്റെ ആക്രമണം. ഹിസ്ബുള്ളയുടെ പരിശീലന കേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആയുധ പരിശീലനവും വെടിവയ്പ്പ് പരിശീലനവും നടക്കുന്ന കേന്ദ്രമാണ് ആക്രമിച്ചത്. ദക്ഷിണ ലബനനിലെ മറ്റ് നിരവധി ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായും ഇസ്രായേൽ പറഞ്ഞു. കഴിഞ്ഞയാഴ്ചയും ഇസ്രായേൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു.