
സമാധാന നൊബേൽ ജേതാവായ നർഗീസ് മുഹമ്മദിയെ ഇറാൻ അധികൃതർ വീണ്ടും അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു അറസ്റ്റ്. അന്തരിച്ച ഇറാനിയൻ അഭിഭാഷകൻ ഖോർസോ അലികോർദിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് 53-കാരിയായ മനുഷ്യാവകാശ പ്രവർത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
2021 നവംബർ മുതൽ ജയിലിലായിരുന്ന നർഗീസിന് 2024 ഡിസംബറിലാണ് ജാമ്യം അനുവദിച്ചത്. വധശിക്ഷ നിർത്തലാക്കണം, സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയത് പിൻവലിക്കണം എന്നീ ആവശ്യങ്ങളുയർത്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്നായിരുന്നു നർഗീസിനെ ഭരണകൂടം ജയിലിലടച്ചത്. രാജ്യത്തിനെതിരെ പ്രചാരണം നടത്തി, സർക്കാറിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമാണ് നർഗീസിനു ജാമ്യം ലഭിച്ചത്. ജയിലിൽ വെച്ച് ഒന്നിലധികം തവണ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് നർഗീസ് 2022ൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു.