
യുഎസ് വിപണിയിലേക്ക് ഇന്ത്യ അരി കൊണ്ടുവന്ന് ‘തള്ളിമറിക്കരുതെന്ന്’ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനെ നേരിടുമെന്നും ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ താരിഫിന് കഴിയുമെന്നും ട്രംപ് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ കർഷക മേഖലയിൽനിന്നുള്ളവരുമായുള്ള റൗണ്ട് ടേബിൾ കൂടിക്കാഴ്ചയിൽ പറഞ്ഞു. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസും പങ്കെടുത്തു. അമേരിക്കയിലെ കർഷകർക്കു 12 ബില്യൻ യുഎസ് ഡോളറിന്റെ സഹായവും അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യയും തായ്‌ലൻഡുമാണ് യുഎസിലേക്ക് അരി തള്ളുന്നതെന്നും യുഎസിൽനിന്നുള്ള അരിയുടെ വലിയ വിപണിയായ പ്യൂർട്ടോ റിക്കോയിലേക്ക് ചൈനയും അരി ഇറക്കുമതി ചെയ്യുന്നുണ്ടെന്നും പ്രതിനിധികളിൽ ഒരാളായ ലൂസിയാനയിൽനിന്നുള്ള മെറിൽ കെന്നഡി പറഞ്ഞു. വർഷങ്ങളായി പ്യൂർട്ടോ റിക്കോയിലേക്ക് യുഎസ് അരി കയറ്റുമതി ചെയ്യുന്നില്ലെന്നും മെറിൽ പ്രസിഡന്റിനെ അറിയിച്ചു. ട്രംപ് അധികാരത്തിൽ വരുന്നതിനു മുൻപുതന്നെ ഈ സ്ഥിതിയായിരുന്നു. എന്നാൽ ഇപ്പോൾ ഭയങ്കര മോശം അവസ്ഥയാണ്. താരിഫ് ഏർപ്പെടുത്തിയത് ഗുണം ചെയ്യുന്നുണ്ട്. എന്നാൽ ഇനിയും കൂട്ടണമെന്ന് മെറിൽ പറഞ്ഞപ്പോൾ എനിക്കു മനസ്സിലായി അങ്ങനെ ചെയ്യാം എന്നായിരുന്നു ട്രംപിന്റെ മറുപടി. പിന്നാലെ അടുത്തിരുന്ന ബെസ്സന്റിനോട് തിരിഞ്ഞ് ‘‘ഇന്ത്യയെക്കുറിച്ചു പറയൂ. എന്തുകൊണ്ടാണ് ഇന്ത്യ അത് അനുവദിക്കുന്നത്? അവർ താരിഫ് നൽകിയേ പറ്റൂ. അവരുടെ അരിക്ക് എന്തെങ്കിലും ഇളവ് കൊടുത്തിട്ടുണ്ടോ?’’ എന്നും ട്രംപ് ചോദിച്ചു. വ്യാപാര കരാറിൽ ചർച്ച നടക്കുകയാണെന്നായിരുന്നു ബെസ്സന്റിന്റെ മറുപടി.