
യുക്രെയ്‌നിൽ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യാതൊരു സന്നദ്ധതയും കാണിക്കുന്നില്ലെന്ന് നാറ്റോ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. ബൽജിയത്തിലെ ബ്രസൽസിൽ നാറ്റോ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു പരാമർശം.
‘പുട്ടിൻ തന്റെ നിലപാടിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. യുക്രെയ്‌നിൽ കൂടുതൽ ശക്‌തമായ ആക്രമണം റഷ്യ നടത്തുകയാണ്. പുട്ടിന് യുക്രെയ്‌നിൽ സമാധാനം വേണ്ടെന്ന് വ്യക്തമാണ്’ – എസ്തോണിയയുടെ വിദേശകാര്യ മന്ത്രി മാർഗസ് സാഹ്ക്‌നയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. സമ്പൂർണ വെടിനിർത്തൽ നടപ്പാക്കിയ ശേഷം ചർച്ചകൾ നടത്തുകയെന്നതാണ് വിശ്വാസം വളർത്തുന്നതിനുള്ള ഏറ്റവും മികച്ച നടപടിയെന്നും എന്നാൽ റഷ്യയുടെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വാൽറ്റോണൻ പറഞ്ഞു.
യുക്രെയ്‌നെതിരെയുള്ള റഷ്യയുടെ യുദ്ധം, വ്യോമാതിർത്തി ലംഘനങ്ങളും സൈബർ ആക്രമണങ്ങളും ഉൾപ്പെടെ നാറ്റോയ്ക്കെതിരെയുള്ള റഷ്യയുടെ നടപടികൾ എന്നിവ യോഗത്തിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ഊന്നിപ്പറഞ്ഞു. ‘യുക്രെയ്‌ന്റെ സുരക്ഷ നാറ്റോയുടെ സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് സ്വയം പ്രതിരോധിക്കാനും നാളത്തെ ഭീഷണികളെ തടയാനും യുക്രെയ്‌നെ സഹായിക്കുന്നതിന് നാറ്റോയുടെ പിന്തുണ ഒരു കുറവും കൂടാതെ തുടരേണ്ടതുണ്ട്.’ – റുട്ടെ പറഞ്ഞു. യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും രാജ്യത്തിന്റെ അടിയന്തര ആവശ്യങ്ങളെക്കുറിച്ചും നാറ്റോ-യുക്രെയ്ൻ കൗൺസിൽ സെഷനിൽ യുക്രെയ്ൻ വിദേശകാര്യമന്ത്രി ആന്ദ്രീ സിബിഹ സംസാരിച്ചു