
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെട്ടന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഇരുവരും യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവർത്തിച്ചു. മിയാമയിൽ നടന്ന അമേരിക്ക ബിസിനസ് ഫോറത്തിൽ സംസാരിക്കവേയാണ് ട്രംപ് തന്റെ വാദം ആവർത്തിച്ചത്.
‘‘ഇന്ത്യയും പാക്കിസ്ഥാനുമായി വ്യാപാര കരാറിനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ആ സമയത്താണ് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് പോകുകയാണെന്ന വാർത്ത ചില പത്രങ്ങളുടെ മുൻപേജിൽ കാണുന്നത്. ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്നും എട്ടാമത്തെ വിമാനത്തിന് സാരമായ നാശനഷ്ടമുണ്ടായെന്നും അറിഞ്ഞു. ആകെ മൊത്തെ എട്ടു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു. ഇത് യുദ്ധമാണെന്നും ഇരു രാജ്യങ്ങളും അതിലേക്കു നീങ്ങുകയാണെന്നും എനിക്കു മനസ്സിലായി. ഇരുവരും ആണവ രാജ്യങ്ങളാണ്. സമാധാനത്തിന് സന്ധി ചെയ്തില്ലെങ്കിൽ നിങ്ങളുമായുള്ള എല്ലാ വ്യാപര കരാറുകളിൽനിന്നും പിന്മാറുമെന്ന് ഇരു രാജ്യങ്ങളെയും ഞാൻ അറിയിച്ചു.