
അറബ് റീഡിങ് ചാലഞ്ച് പുരസ്കാരം തുനീസിയയിലെ ഇരട്ട സഹോദരിമാർ പങ്കിട്ടു. 600 പുസ്തകങ്ങൾ വീതം വായിച്ചാണ് വായനാ ചാലഞ്ചിൽ 12 വയസ്സുള്ള ബിസാൻ, ബിൽസാൻ കൗക്ക എന്നിവർ ജേതാക്കളായത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം സമ്മാനിച്ചു. ജേതാക്കൾക്ക് 5 ലക്ഷം ദിർഹമാണ് സമ്മാനം. സംഗീതം ഇഷ്ടപ്പെടുന്ന ബിസാന് ഡോക്ടറും ബിൽസാന് സോഫ്റ്റ് വെയർ എൻജിനീയറും ആകാനാണ് മോഹം.
200 പുസ്തകം വായിച്ച ബഹ്റൈനിൽ നിന്നുള്ള 11കാരൻ മുഹമ്മദ് ജാസിം ഒരു ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം നേടി. മൗറിത്താനിയയിൽ നിന്നുള്ള ഒൻപതുകാരി മർയം ഷാമിഖ് 100 പുസ്തകം വായിച്ച് മൂന്നാം (70,000 ദിർഹം) സ്ഥാനത്തെത്തി. നോൺ അറബിക് വിഭാഗത്തിൽ ഇറ്റലിയിൽ നിന്നുള്ള ജിഹാദ് മുഹമ്മദ് ഹുസൈനും നിശ്ചയദാർഢ്യക്കാരുടെ വിഭാഗത്തിൽ ഇറാഖിലെ മറിയ ഹസ്സൻ അജീലും ജേതാക്കളായി.
വായന പ്രോത്സാഹിപ്പിക്കുക,ഭാഷാ കഴിവുകൾ ശക്തിപ്പെടുത്തുക, അറിവും സ്വഭാവവും പരിപോഷിപ്പിക്കുക എന്നിവയാണ് 2015ൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ അറബിക് സാക്ഷരതാ സംരംഭമായ അറബ് റീഡിങ് ചാലഞ്ചിന്റെ ലക്ഷ്യം. 50 രാജ്യങ്ങളിൽനിന്നുള്ള 1.3 ലക്ഷം സ്കൂളുകളിലെ 3.2 കോടി വിദ്യാർഥികൾ ഇത്തവണത്തെ പങ്കെടുത്തു