
ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട ഏകദേശം 334.78 കോടി രൂപ (140 ദശലക്ഷം ദിർഹം) അബുദാബി പൊലീസ് പിടിച്ചെടുത്ത് ഉടമകൾക്ക് തിരികെ നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള കണക്കാണിത്. ഈ കാലയളവിൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 15,642 കേസുകളാണ് പൊലീസ് കൈകാര്യം ചെയ്തത്. അബുദാബി എമിറേറ്റിലെ ഡിജിറ്റൽ ഭീഷണികളുടെ വർധിച്ചു വരുന്ന വ്യാപ്തിയാണ് ഈ കണക്കുകൾ അടിവരയിടുന്നത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രി. റാഷിദ് ഖലാഫ് അൽ ദാഹിരി, കമ്യൂണിറ്റി പൊലീസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ സെയ്ഫ് അലി അൽ ജാബ്രി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
പുതിയ രൂപത്തിലെത്തുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ‘ജാഗ്രതയോടെ ജീവിക്കുക’ (ബി കെയർഫുൾ) എന്ന പേരിലുള്ള ബോധവൽക്കരണ ക്യാംപെയിനിന്റെ പുതിയ പതിപ്പിന് പൊലീസ് തുടക്കമിട്ടു. സൈബർ കുറ്റകൃത്യങ്ങളുടെ മാറുന്ന രീതികളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താനാണ് ഇത് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും സർക്കാർ ഇ-സേവനങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസ പരിപാടിയിലൂടെ ദേശീയ സൈബർ സുരക്ഷാ തന്ത്രത്തെയും ഈ ക്യാംപെയ്ൻ പിന്തുണയ്ക്കുന്നുണ്ട്.
ഫോൺ തട്ടിപ്പുകൾ, വ്യാജ ലിങ്കുകൾ, റിമോട്ട് ആക്സസ് സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യുന്നതിലെ അപകടസാധ്യതകൾ, പ്രീമിയം നമ്പറുകൾക്കോ വാഹനങ്ങൾക്കോ വേണ്ടിയുള്ള ഡെപോസിറ്റ് പേയ്മെന്റുകൾ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, സമൂഹമാധ്യമങ്ങളിലെ അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുന്നത്, തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ പരസ്യങ്ങൾ, വ്യാജ പ്രോപർട്ടി ഇടപാടുകൾ, നിക്ഷേപ തട്ടിപ്പുകൾ എന്നിവയുൾപ്പെടെ സൈബർ തട്ടിപ്പിന്റെ ഒൻപത് പ്രധാന മേഖലകൾ ക്യാംപെയിൻ വിശദീകരിക്കുന്നു.