ublnews.com

ട്രേഡ് മാർക്ക് ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സാമ്പത്തിക, ടൂറിസം മന്ത്രാലയം.

ചെറുകിട ഇടത്തരം സംരംഭകരുടെ വ്യാപാരമുദ്ര (ട്രേഡ് മാർക്ക്) ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സാമ്പത്തിക, ടൂറിസം മന്ത്രാലയം. ഭിന്നശേഷിയുള്ള സംരംഭകരെ ട്രേഡ്മാർക്ക് സേവന ഫീസിൽ നിന്ന് പൂർണമായും ഒഴിവാക്കി. യുഎഇയുടെ ബൗദ്ധിക സ്വത്തവകാശം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

പരിഷ്കരിച്ച നിയമത്തിൽ മറ്റു 28 ഇനങ്ങളുടെ ട്രേഡ് മാർക്ക് ഫീസും കുറച്ചതായി മന്ത്രാലയം വിശദീകരിച്ചു. ഇതേസമയം ഒരു അപേക്ഷയിൽ ഒന്നിലേറെ വിഭാഗമുണ്ടെങ്കിൽ ഓരോ വിഭാഗത്തിനും ഫീസ് അടയ്ക്കണം. രാജ്യാന്തര നിക്ഷേപകരെയും ആഗോള കമ്പനികളെയും യുഎഇയിലേക്ക് ആകർഷിക്കാനും ചെറുകിട, ഇടത്തരം സംരംഭകരെയും ഭിന്നശേഷിയുള്ളവരെയും പിന്തുണയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.

സംരംഭകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ബിസിനസ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പിന്തുണയ്ക്കുക എന്നതാണ് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പദ്ധതികൾക്കുമായുള്ള ദേശീയ പ്രോഗ്രാം ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു. നാഷനൽ എസ്എംഇ പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിക്ക് 50 ശതമാനം ഇളവിന് അപേക്ഷിക്കാമെന്ന് സാമ്പത്തിക ടൂറിസം മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്തവകാശ (ഐപി) അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ ഹസൻ അൽ മുഐനി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top