ublnews.com

ക്രൂസ് കൺട്രോൾ നഷ്ടമായി; ഡ്രൈവറെ രക്ഷപ്പെടുത്തി ദുബായ് പോലീസ്

കാറിന്‍റെ ക്രൂസ്​ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന്​ പരിഭ്രാന്തിയിലായ ഡ്രൈവറെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്​. കഴിഞ്ഞ ദിവസം എമിറേറ്റ്​സ്​ റോഡിലാണ്​ ഓടിക്കൊണ്ടിരിക്കെ കാറിന്‍റെ ​ക്രൂസ്​ കൺട്രോൾ പ്രവർത്തന രഹിതമായത്​. ഡ്രൈവറായ യുവതി ഉടൻ ദുബൈ ട്രാഫിക്​ പൊലീസിന്‍റെ സഹായം അഭ്യർഥിക്കുകയായിരുന്നു.

അതിവേഗത്തിൽ സഞ്ചരിച്ച കാറിന്‍റെ ക്രൂസ്​ കൺട്രോൾ ​പൊടുന്നനെ​ നിലച്ചതോടെ ആക്സിലറേറ്ററും ബ്രേക്കും പ്രവർത്തനരഹിതമായി. സംഭവം റിപ്പോർട്ട്​ ചെയ്ത ഉടനെ സ്ഥലത്തെത്തിയ ദുബൈ ട്രോഫിക്​ പൊലീസ്​ സമയോചിത ഇടപെടലിലൂടെ ഡ്രൈവറുടെ മനസ്സാന്നിധ്യം വീണ്ടെടുത്തു. തുടർന്ന്​ ഡ്രൈവർക്ക്​ ഫോണിലൂടെ നിർദേശം നൽകുകയും വാഹനം സുരക്ഷിതമായി നിർത്തുന്നതുവരെ അനുഗമിക്കുകയും ചെയ്തു.

കൂട്ടിയിടി ഒഴിവാക്കാനായി മറ്റ്​ വാഹനങ്ങളെ സമീപത്തു നിന്ന്​ മാറ്റിയിരുന്നതായി ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്​ ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ മനസാന്നിധ്യം കൈവിടാതിരിക്കുകയാണ്​ പ്രധാനം​. അതിവേഗം സീറ്റ്​ ബെൽറ്റുകൾ ശക്​തിപ്പെടുത്തുകയും അപകട ലൈറ്റുകൾ ഓണാക്കുകയും ചെയ്യുക. തുടർന്ന്​ 999 എന്ന നമ്പറിൽ സഹായത്തിനായി വിളിക്കാം.

ഇതിനിടയിൽ ഗിയർ ന്യൂട്രലിലേക്ക്​ മാറ്റാനായി ശ്രമിച്ചുകൊണ്ടേയിരിക്കണം. ഇടക്കിടെ എൻജിൻ ​ഓഫ്​ ചെയ്ത ശേഷം ഓൺ ആക്കുകയും കാർ നിൽക്കുന്നത്​ വരെ ബ്രേക്കിൽ സമ്മർദം ചെലുത്തുകയും വേണമെന്ന്​ അദ്ദേഹം അറിയിച്ചു. വാഹനങ്ങളുടെ ക്രൂസ്​ കൺട്രോൾ സംവിധാനം, ബ്രേക്ക്​ എന്നിവ കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്താൽ ഇത്തരം അപകടങ്ങൾ ഒരുപരിധി വരെ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top