
1100ലേറെ സര്‍ക്കാര്‍-സ്വകാര്യ സര്‍വിസുകള്‍ ലഭിക്കുന്ന നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ താം ആപ്ലിക്കേഷന്റെ പ്രഖ്യാപനം ദുബൈ ജൈടെക്സ് വേദിയില്‍ നടത്തി അബൂദബി. ആപ് മുഖേന ലോകത്തില്‍ എവിടെനിന്നും നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാനാകും.
800 ദിര്‍ഹമാണ് വിവാഹ രജിസ്ട്രേഷന് ഫീസ്. അബൂദബി ജുഡീഷ്യല്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും വിവാഹം. വെബ്എക്സ് വിഡിയോ ലിങ്ക് വഴി വെർച്വലായിട്ടായിരിക്കും വിവാഹച്ചടങ്ങുകള്‍.
രണ്ട് സാക്ഷികളും അംഗീകൃത ഉദ്യോഗസ്ഥനും വെര്‍ച്വല്‍ വിവാഹച്ചടങ്ങില്‍ സംബന്ധിക്കും. അതിഥികള്‍ക്കും ഓണ്‍ലൈനായി പങ്കെടുക്കാം. രാജ്യത്തിന് പുറത്തു താമസിക്കുന്ന ദമ്പതികൾക്കായി ഇവര്‍ നിയോഗിക്കുന്ന പവര്‍ഓഫ് അറ്റോര്‍ണിക്ക് വിവാഹച്ചടങ്ങില്‍ പ്രതിനിധിയാകാം.
അബൂദബി സന്ദര്‍ശിക്കുന്നവരാണെങ്കില്‍ കൂടി താം പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് താം കസ്റ്റമര്‍ കെയര്‍ ആന്‍ഡ് ഹാപ്പിനസ് സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹമ്മദ് അല്‍ഹമ്മദി പറഞ്ഞു.
അറ്റസ്റ്റ് ചെയ്ത വിവാഹസര്‍ട്ടിഫിക്കറ്റിന് 300 ദിര്‍ഹം കൂടി അധികമായി അടക്കണം. ഇതോടെ ആപ്ലിക്കേഷന്‍ സ്വയം വിദേശകാര്യ മന്ത്രാലയം മുഖേന സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തു നല്‍കും. യു.എ.ഇ പാസ് ഡിജിറ്റല്‍ ഒപ്പോടു കൂടിയ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റാണ് നല്‍കുക.
യു.എ.ഇ പാസ്, എമിറേറ്റ്സ് ഐഡി സിസ്റ്റംസ് എന്നിവയുമായി സമന്വയിപ്പിച്ചാണ് വിവാഹ സര്‍വിസ് എന്നതിനാല്‍ അപേക്ഷകരുടെ ഐഡന്റിറ്റിയും യോഗ്യതയും എളുപ്പത്തില്‍ പരിശോധിച്ച് ഉറപ്പാക്കാനാകും.
ഏവര്‍ക്കും ഈ സേവനം ലഭിക്കുമെന്നും അബൂദബിയില്‍ വിവാഹിതാരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൗരത്വം ഏതെന്നു നോക്കാതെ തന്നെ ഓണ്‍ലൈനായി സര്‍വിസ് ഉപയോഗിക്കാമെന്നും താം ആപ്ലിക്കേഷന്‍ മേധാവി മുഹമ്മദ് അല്‍ അസ്കര്‍ പറഞ്ഞു. നേരിട്ട് ഒരു ഓഫിസില്‍പോലും പോകാതെയാണ് വിവാഹ രജിസ്ട്രേഷന് പൂര്‍ത്തിയാവുക.