
നഗരത്തിൽ അഞ്ച് ബഹുനില പാർക്കിങ് കെട്ടിടങ്ങൾ കൂടി നിർമിക്കുമെന്ന് പ്രഖ്യാപിച്ച് പെയ്ഡ് പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ. തിരക്കേറിയ വാണിജ്യ മേഖലകളിലായിരിക്കും പുതിയ പാർക്കിങ് കെട്ടിങ്ങൾ നിർമിക്കുക. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് പാർക്കിൻ സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽ അലി അറിയിച്ചു.
അഞ്ച് എണ്ണത്തിൽ ഒരു കെട്ടിടത്തിന്റെ നിർമാണം ബർദുബൈയിലെ അൽ സൂഖ് അൽ കബീറിൽ നടന്നുവരുകയാണ്. അൽ സബ്ഖ, അൽ റിഗ്ഗ എന്നിവിടങ്ങളിലെ പാർക്കിങ് കെട്ടിടങ്ങളുടെ രൂപരേഖ തയാറായി വരുന്നു. ഡൗൺ ടൗൺ ദുബൈ, ദേര പോലെ നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലായിരിക്കും ബാക്കിയുള്ള പാർക്കിങ് കെട്ടിടങ്ങൾ നിർമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന സാങ്കേതിക വിദ്യ പ്രദർശനമായ ജൈടെക്സ് ഗ്ലോബലിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര നഗര ഗതാഗതം, സ്മാർട്ട് പാർക്കിങ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിൽ പാർക്കിനിന്റെ പ്രതിബദ്ധതയാണ് പുതിയ പാർക്കിങ് കെട്ടിങ്ങളുടെ നിർമാണം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഊദ് മേത്ത, അൽ ജാഫിലിയ, ബനിയാസ്, നായിഫ്, അൽ ഗുബൈബ, അൽ സത്വ, അൽ റിഗ്ഗ തുടങ്ങിയ പ്രധാന മേഖലകളിലായുള്ള ബഹുനില പാർക്കിങ് കെട്ടിങ്ങളിൽ 3651 പാർക്കിങ് സ്ഥലങ്ങളുടെ നടത്തിപ്പ് പാർക്കിനാണെന്നും അദ്ദേഹം വിശദീകരിച്ചു.