
യുഎഇയിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. അതേസമയം, രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാർഥന നിർവഹിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകിയതനുസരിച്ച് ഇന്ന് (17) ജുമുഅക്ക് മുൻപ് രാജ്യത്തെ എല്ലാ പള്ളികളിലും ‘ഇസ്തിസ്ഖാ’ നമസ്കാരം നടത്തും.
അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മിതമായതും ശക്തവുമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. അന്തരീക്ഷത്തിലെ മാറ്റമാണ് ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് നാഷനൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻസിഎം) അറിയിച്ചു. ഉപരിതലത്തിലെ ന്യൂനമർദ്ദ വ്യവസ്ഥയും അന്തരീക്ഷത്തിന്റെ ഉയർന്ന പാളിയിലെ ന്യൂനമർദ്ദവും പരസ്പരം പ്രതിപ്രവർത്തിച്ചതാണ് കൂടുതൽ മേഘങ്ങൾ രൂപപ്പെടാനും അന്തരീക്ഷത്തിൽ അസ്ഥിരത സൃഷ്ടിക്കാനും കാരണമായത്.
ഈ മാസം 21 മുതൽ യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻസിഎം കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. ഒരാഴ്ച മുൻപ് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മേഖലയെ സ്വാധീനിച്ചു തുടങ്ങിയത്. ഇത് ഉയർന്ന ഈർപ്പത്തിനും മേഘങ്ങൾക്കും കാരണമാകുന്നു. പ്രത്യേകിച്ച് പ്രഭാതങ്ങളിൽ ഇത് മലയോര പ്രദേശങ്ങളിലും തെക്കുകിഴക്കൻ മേഖലകളിലും ചിലപ്പോൾ കനത്ത മഴയിലേക്ക് നയിച്ചേക്കാം. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലും ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനമുണ്ട്. ഇത് ഈ സംക്രമണ കാലഘട്ടത്തിൽ സാധാരണമാണ്.