ublnews.com

ദുബായ് ഗ്ലോബൽ വില്ലേജ് 30-ാം വാർഷിക സീസണിന് തുടക്കം

ദുബായ് ഗ്ലോബൽ വില്ലേജ് 30-ാം വാർഷിക സീസണിന് വർണോജ്വല തുടക്കം. ‘എ മോർ വണ്ടർഫുൾ വേൾഡ്’ (കൂടുതൽ വിസ്മയലോകം) എന്ന ആകർഷകമായ പ്രമേയത്തിൽ ഒരുക്കിയ ഈ സീസണിന്റെ കവാടം വൈകിട്ട് 6 ന് തുറന്നു. മുപ്പത് വർഷത്തെ പൈതൃകവും പുതുമകളും ആഘോഷിക്കുന്ന ഈ സീസൺ സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന് അധികൃതർ പറഞ്ഞു.

ആഗോളഗ്രാമത്തിന്റെ ഉദ്ഘാടന രാത്രി വർണങ്ങളുടെയും പ്രകാശത്തിന്റെയും അദ്ഭുതലോകമായി മാറി. സജീവമായ നിറങ്ങളും മിന്നുന്ന വിളക്കുകളും ആകർഷകമായ പ്രകടനങ്ങളും പാർക്കിനെ ജീവസ്സുറ്റതാക്കുന്നു. സംഗീതം, നൃത്തം, തിയറ്റർ, ദൃശ്യ വിസ്മയങ്ങൾ എന്നിവയിൽ മുഴുകി ജീവിതകാലം മുഴുവൻ ഓർമിക്കാൻ കഴിയുന്ന നിമിഷങ്ങൾ സ്വന്തമാക്കാൻ സന്ദർശകർക്ക് അപൂർവാവസരമാണിത് മുൻ സീസണുകളുടെ ആഘോഷം മാത്രമല്ല, ഭാവിയിലേക്കുള്ള കാഴ്ച കൂടിയാണ് ഈ സീസൺ നൽകുന്നത്. പുതിയ ആകർഷണങ്ങൾ, സംവേദനാത്മക അനുഭവങ്ങൾ, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ആകർഷിക്കാൻ രൂപകൽപന ചെയ്ത മാസ്മരിക നിമിഷങ്ങൾ എന്നിവ ഇത്തവണയുണ്ട്. രാജ്യാന്തര പവിലിയനുകൾ ചുറ്റി സഞ്ചരിക്കുന്നതിനും തത്സമയ പ്രകടനങ്ങൾ ആസ്വദിക്കാനുമാകും.

റിട്ടംബാർ സ്ട്രീറ്റ് ഡ്രമ്മർമാരും ഗ്ലോബൽ വില്ലേജ് പവലിയനുകളുടെ പ്രതിനിധികളും അണിനിരക്കുന്ന വർണാഭമായ പരേഡോടെ ആഘോഷങ്ങൾ ആരംഭിച്ചു. ആകാശത്ത് വെളിച്ചം കൊണ്ട് ’30’ എന്നും സീസണിന്റെ തീം എന്നും എഴുതിക്കാണിക്കുന്ന ഡ്രോൺ-പടക്ക പ്രകടനങ്ങൾ അരങ്ങേറി. തീയും വെളിച്ചവും വമിപ്പിച്ച് സാഹസിക പ്രകടനം നടത്തുന്ന വിങ് സ്യൂട്ടഡ് സ്കൈഡൈവർമാരുടെ വ്യോമപ്രദർശനവും കാഴ്ചക്കാർക്ക് ആവേശമാകുന്നു. വെള്ളത്തിൽ പ്രകാശത്തിന്റെ ദൃശ്യവിസ്മയം തീർക്കുന്ന ലേസർ ഷോ ശ്രദ്ധേയമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top