
ദുബായ് മെട്രോയിൽ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം. പതിവായി മെട്രോ യാത്ര ചെയ്യുന്നവർക്ക് പോലും നിയമങ്ങൾ പലതും അറിയില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ, സഞ്ചാരം തടസ്സപ്പെടുത്തുന്നതോ ആയ പ്രവർത്തികളും, സീറ്റുകളിൽ അല്ലാതെ ഇരിക്കുന്നതുമൊക്കെ കർശനമായി നിരോധിച്ചിട്ടുണ്ട്. ട്രെയിൻ ഡോർ അടയ്ക്കാറാകുമ്പോൾ ഓടി കയറുന്നതും നിരോധിച്ചിട്ടുണ്ട്. ഡോർ അടഞ്ഞു തുടങ്ങിയാൽ അടുത്ത ട്രെയിൻ വരുന്നത് വരെ കാത്തിരിക്കുക.
നിയമം ലംഘിക്കുന്നവർക്ക് 100 ദിർഹം മുതൽ പിഴ ചുമത്തും. മെട്രോ കമ്പാർട്ട്മെന്റുകൾക്കിടയിലുള്ള ഇന്റർസെക്ഷൻ പോലുള്ള സ്ഥലങ്ങളിൽ ഇരുന്ന് പലരും യാത്ര ചെയ്യുന്നത് പിഴ കിട്ടാവുന്ന കുറ്റമാണ്. മെട്രോയിൽ നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ ഉറങ്ങിയാൽ 300 ദിർഹമാണ് പിഴ. മെട്രോക്കുള്ളിൽ ഭക്ഷണം കഴിക്കുന്നതും, മറ്റ് പാനീയങ്ങൾ കുടിക്കുന്നതും, ച്യുയിംഗം ചവക്കുന്നതും നിരോധിച്ചിട്ടുണ്ട്.
മദ്യം, വളർത്തുമൃഗങ്ങൾ, അപകടകരമായ വസ്തുക്കൾ എന്നിവ ട്രെയിനിൽ കൊണ്ടു പോകാൻ പാടില്ല. സീറ്റിന് മുകളിൽ കാലു നീട്ടിവെക്കുന്നതും, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള ക്യാബിനിൽ പുരുഷൻമാർ കയറുന്നതും, ഗോൾഡ് ക്യാബിനിൽ സിൽവർ കാർഡുമായി കയറുന്നതും കുറ്റകരമാണ്. വലിയ ലഗേജുകളുമായി മെട്രോയിൽ കയറുന്നതും, മെട്രോക്കുള്ളിൽ ചവറുകൾ ഇടുന്നതും കുറ്റകരമാണ്. കുറ്റങ്ങളുടെ തോത് അനുസരിച്ച് 100 മുതൽ 2000 ദിർഹം വരെ പിഴ ലഭിക്കും. സൂക്ഷിച്ചാൽ പിഴയില്ലാതെ യാത്ര ചെയ്യാം