ublnews.com

ഷെയ്ഖ് സായിദ് റോഡിൽ അടുത്ത വർഷം മാർച്ചോടെ റോബോടാക്സികൾ

ഷെയ്ഖ് സായിദ് റോഡിൽ അടുത്ത വർഷം മാർച്ചോടെ റോബോടാക്സികൾ ഓടിത്തുടങ്ങും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഉന്നത ഉദ്യോഗസ്ഥൻ ജിടെക്സ് ഗ്ലോബൽ 2025 ഇവന്റിനിടെ ഇക്കാര്യം സ്ഥിരീകരിച്ചു. 2030 ആകുമ്പോഴേക്കും ദുബായിലെ ഗതാഗതത്തിന്റെ 25 ശതമാനം സ്മാർട്ടും ഡ്രൈവർ രഹിതവുമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണിത്.

നിലവിൽ മൂന്ന് ചൈനീസ് കമ്പനികളായ ബൈദുവിന്റെ അപ്പോളോ ഗോ, വീറൈഡ്, പോണി എഐ എന്നിവയാണ് ആർടിഎ നിശ്ചയിച്ച റോഡുകളിൽ സ്വയംഭരണ ഡ്രൈവിങ് പരീക്ഷണങ്ങൾ നടത്തുന്നത്. നിയന്ത്രിത ഓപൺ ഏരിയകളിലെ (സോൺ 0, 1) പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന കമ്പനികൾക്ക് ഉടൻതന്നെ ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടുന്ന സോൺ 2ലേക്ക് പ്രവേശനം ലഭിക്കുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദി വ്യക്തമാക്കി.

എങ്കിലും, നിലവിൽ ഈ റോബോടാക്സികൾ പരീക്ഷണ ഘട്ടത്തിലാണ്. അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കാൻ മനുഷ്യ ഡ്രൈവർമാർ സ്റ്റിയറിങ് വീലിന് പിന്നിൽ ഉണ്ടാകും. യാത്രക്കാരെ നിലവിൽ അനുവദിച്ചിട്ടില്ല. അടുത്തിടെ പരീക്ഷണയോട്ടം നടത്തിയ അപ്പോളോ ഗോ ടാക്സിക്ക് മണിക്കൂറിൽ 72 കി.മീറ്റർ വരെ വേഗം കൈവരിക്കാനും ലെയിനുകൾ അനായാസം മാറാനും കഴിഞ്ഞു. ഈ ടാക്സികളിലെ പിൻസീറ്റുകൾ യാത്രക്കാർക്ക് ഫ്രീ മസാജ് നൽകുന്ന മസാജ് ചെയറുകൾ കൂടിയാണ്.

ഡ്രൈവറില്ലാ വാഹനങ്ങൾക്കായി പ്രത്യേകം മാറ്റിവച്ചിട്ടുള്ള പ്രദേശമാണ് ദുബായ് ഓട്ടോണോമസ് സോൺ. ഇത് മെട്രോയുമായി ബന്ധിപ്പിക്കും. ഇവിടം നാല് സോണുകളായി തിരിച്ചിട്ടുണ്ട്: ദുബായ് മൊബിലിറ്റി ലാബ് (സോൺ 0), ജുമൈറ, ഉം സുഖീം, അൽ വസൽ പ്രദേശങ്ങൾ (സോൺ 1), ഡൗൺടൗൺ ദുബായ്, ബിസിനസ് ബേ, ഷെയ്ഖ് സായിദ് റോഡ് (സോൺ 2), മറ്റ് ജനസാന്ദ്രതയുള്ള വാണിജ്യ, റസിഡൻഷ്യൽ ഏരിയകൾ (സോൺ 3 & 4).

സ്വയംഭരണ ടാക്സി മേഖലയിലേക്ക് കൂടുതൽ കമ്പനികളെ സ്വാഗതം ചെയ്യാൻ ആർടിഎ തയ്യാറാണെന്ന് അൽ അവാദി അറിയിച്ചു. എന്നാൽ, വ്യക്തിഗത ഡ്രൈവർ രഹിത കാറുകൾക്ക് ഫെഡറൽ നിയമങ്ങളും അംഗീകാരവും ആവശ്യമാണ്. അതേസമയം, വീറൈഡും അപ്പോളോ ഗോയും അബുദാബിയിൽ ഇതിനകം പരീക്ഷണങ്ങൾ നടത്തുന്നത് ഭാവിയിൽ യാസ് ഐലൻഡ് മുതൽ ജുമൈറ വരെ ഡ്രൈവർ രഹിത യാത്ര സാധ്യമാക്കുമെന്നതിന്റെ ശുഭ സൂചനയാണ്. 2026 മാർച്ചിൽ ലക്ഷ്യം കൈവരിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അപ്പോളോ ഗോ എംഡി ലിയാങ് ഷാങ് പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top