
വെള്ളിയാഴ്ചകളിൽ പള്ളികളുടെ പരിസരങ്ങളിൽ അനധികൃത പാർക്കിങ് ഇല്ലാതാക്കുന്നതിനായി ഷാർജ പൊലീസ് പ്രത്യേക ബോധവത്കരണ കാമ്പയിന് തുടക്കമിട്ടു. അനധികൃത പാർക്കിങ് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്മെന്റ് തലവൻ മർസൂഖ് ഖൽഫാൻ അൽ നഖ്ബി പറഞ്ഞു.
നിയമലംഘകർക്ക് മുന്നറിയിപ്പായി ലഘുലേഖകളും പൊലീസ് വിതരണം ചെയ്തു. മറ്റു വാഹനങ്ങൾക്ക് പിറകിൽ വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിനും സമയം പാഴാകുന്നതിനും കാരണമാകുമെന്ന മുന്നറിയിപ്പാണ് ലഘുലേഖയിൽ ഉൾപ്പെടുത്തിയിരുന്നത്. ഡ്രൈവർമാർക്കിടയിൽ ട്രാഫിക് ബോധവത്കരണം മെച്ചപ്പെടുത്തുന്നതിനും നിയമങ്ങളും മാർഗനിർദേശങ്ങളും അനുസരിക്കുന്ന സംസ്കാരം ശക്തിപ്പെടുത്തുന്നതിനുമായി ഷാർജ പൊലീസ് നടത്തിവരുന്ന നടപടികളുടെ ഭാഗമാണ് കാമ്പയിൻ.
ഗതാഗത അച്ചടക്കം ഒരു വ്യക്തിയുടെ സമൂഹത്തോടുള്ള ആദരവിനെ പ്രതിഫലിപ്പിക്കുന്ന ഒരു പരിഷ്കൃത പെരുമാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ ശരിയായ രീതിയിൽ പാർക്ക് ചെയ്യണമെന്നും മറ്റു വാഹനങ്ങൾക്ക് പിറകിൽ അനധികൃതമായി പാർക്ക് ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.