
മുൻ ജീവനക്കാരന് 475,555 ദിർഹം നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ഉത്തരവിട്ട് അബൂദബി ലേബർ കോടതി. ഏകദേശം 15 വർഷത്തെ തൊഴിൽ ബന്ധം ഉണ്ടായിരുന്നിട്ടും, ജീവനക്കാരന് മാസ ശമ്പളവും ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും നൽകാതിരുന്നതിനാലാണ് നടപടി.
കോടതി രേഖകൾ പ്രകാരം, മുൻ ജീവനക്കാരൻ തനിക്ക് കമ്പനി നൽകാതിരുന്നു 21 മാസത്തെ ശമ്പളമായി 401,867 ദിർഹം, ഗ്രാറ്റുവിറ്റിയായി 142,020 ദിർഹം, രണ്ട് വർഷത്തെ ഉപയോഗിക്കാത്ത അവധിക്ക് 21,266 ദിർഹം, തിരികെ റിട്ടേൺ ടിക്കറ്റിനായി 1,500 ദിർഹം എന്നിവ ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു.
2010-ൽ അനിശ്ചിതകാല കരാറിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരൻ ജോലിയിൽ പ്രവേശിച്ചത്. 22,000 ദിർഹമായിരുന്നു അദ്ദേഹത്തിന്റെ മാസ ശമ്പളം (അതിൽ 10,800 ദിർഹം അടിസ്ഥാന ശമ്പളം). 2025-ൽ കമ്പനി അദ്ദേഹത്തെ പിരിച്ചുവിട്ടു.
കൃത്യമായി അറിയിപ്പുകൾ നൽകിയിട്ടും വിചാരണക്ക് ഹാജരാകാൻ കമ്പനി പരാജയപ്പെട്ടു. ജീവനക്കാരൻ തന്റെ ജോലിസമയത്ത് 86 ദിവസത്തെ ശമ്പളമില്ലാത്ത അവധി എടുത്തതായി കോടതി കണ്ടെത്തി, ഇത് 59,400 ദിർഹമായി കണക്കാക്കി അവകാശപ്പെട്ട തുകയിൽ നിന്ന് കുറച്ചു. അദ്ദേഹത്തിന്റെ മൊത്തം സേവന കാലയളവ്, 14 വർഷവും നാല് മാസവും 12 ദിവസവുമായി കണക്കാക്കി. തുടർന്ന്, അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കി 138,955 ദിർഹം സേവനാവസാന ഗ്രാറ്റുവിറ്റിയായി അനുവദിച്ചു, ഇതോടെ അദ്ദേഹത്തിന് മൊത്തം 475,555 ദിർഹം ലഭിച്ചു.