
സാങ്കേതിക രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ജൈടെക്സിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള 11 നവീന പദ്ധതികൾ അവതരിപ്പിക്കും. ട്രാക്കില്ലാത്ത ട്രാം സംവിധാനം, ദുബൈ മൊബിലിറ്റി ലാബ്, സ്മാർട്ട് കണക്ടഡ് വാഹന ശൃംഖല, ഓട്ടോചെക്ക് 360, സുരക്ഷിത നഗരത്തിനുള്ള സ്മാർട്ട് മൊബിലിറ്റി സംവിധാനം, സ്മാർട്ട് ട്രാഫിക് സൊലൂഷൻ പ്ലാറ്റ്ഫോം, പറക്കും ടാക്സി, ഇൻററാക്ടിവ് കിയോസ്കുകൾ, സ്മാർട്ട് ഡിജിറ്റൽ ചാനലുകൾ, എ.ഐ ഫാക്ടറി എന്നിവ പദ്ധതികളിൽ ഉൾപ്പെടും.
ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളും എ.ഐ അപ്ലിക്കേഷനുകളും സ്വീകരിക്കാനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയാണ് ജൈടെക്സിൽ അവതരിപ്പിക്കുന്ന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. എല്ലാ മേഖലയിലും ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പ്രവർത്തനം കാര്യക്ഷമമാക്കുകയും ഉപയോക്താക്കളുടെ യാത്രകൾ മികച്ചതാക്കുകയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദർശനത്തിൽ അവതരിപ്പിക്കുന്ന ട്രാക്കില്ലാത്ത ട്രാമുകൾ ഭാവിയിലെ ദുബൈ നഗരത്തിലെ ഗതാഗത സംവിധാനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വയംനിയന്ത്രിത വാഹന ഗതാഗത രംഗത്തെ വിവിധ നൂതന സംവിധാനങ്ങളുടെ ഭാഗമായാണിത് ആസൂത്രണം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു സംവിധാനങ്ങളും ലോകത്തെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ജൈടെക്സ് സന്ദർശകർക്ക് മുന്നിൽ ആർ.ടി.എയുടെ ഭാവി പദ്ധതികൾ സംബന്ധിച്ച് ലഘുചിത്രം നൽകുന്നതായിരിക്കും.