ublnews.com

ഗതാഗത നിയമലംഘനങ്ങൾ ദുബായിൽ 28 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു

ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ദുബായിൽ 28 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. വർഷങ്ങളായി ലൈസൻസ് പുതുക്കാത്ത വാഹനങ്ങളും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്. 6,000 ദിർഹത്തിലേറെ പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാൻ നിയമം അനുശാസിക്കുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഏറെ നിയമലംഘനങ്ങളുണ്ടായിരുന്നെന്ന് ദുബായ് പൊലീസ് അറിയിച്ചു.

പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴ ചുമത്തും. അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും 15 ദിവസത്തിനകം വാഹനം വൃത്തിയാക്കാതിരുന്നാൽ അത് കണ്ടുകെട്ടുന്നതിനും നടപടിയെടുക്കും. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ രാജ്യത്തുടനീളം കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ 1,387 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതേ കാലയളവിൽ താമസ, വാണിജ്യ, വ്യാവസായിക മേഖലകളിലായി 6,187 മുന്നറിയിപ്പുകളും നൽകി.

അനധികൃതമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ ഷാർജയിലും നടപടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഷാർജയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയ 100 കാറുകളും 40 മോട്ടർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. ഇത്തരം രൂപമാറ്റങ്ങൾ, പ്രത്യേകിച്ച് ശബ്ദമുണ്ടാക്കുന്നവ, നിയമലംഘനവും പൊതുജനങ്ങൾക്ക് ശല്യവും മറ്റ് വാഹനമോടിക്കുന്നവർക്ക് അപകടസാധ്യതയുമുണ്ടാക്കുന്നു. ഇതിനായി ഷാർജ പൊലീസ് വിവിധയിടങ്ങളിൽ സ്ഥിരം ചെക്ക്‌പോസ്റ്റുകളും മൊബൈൽ പട്രോളിങ്ങും ഏർപ്പെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top