
യുഎഇയിൽ അടുത്ത ചൊവ്വാഴ്ച (ഒക്ടോബർ 14) വരെ അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) പൂർണ സജ്ജരായി.
ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) നൽകിയ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ എൻസിഇഎംഎ, ആഭ്യന്തര മന്ത്രാലയം, മറ്റ് പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തോടെയാണ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.
വടക്കൻ, കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തെക്കുനിന്നുള്ള ഉപരിതല ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള ന്യൂനമർദ്ദവും തണുപ്പുള്ളതും ഈർപ്പമുള്ളതുമായ വായുവും ചേരുന്നതാണ് കാലാവസ്ഥാ മാറ്റങ്ങൾക്ക് പ്രധാന കാരണം.
മഴ മേഘങ്ങളുടെ സാന്നിധ്യത്തിൽ അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകളുടെ ഉയരം വർധിക്കാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് എൻസിഇഎംഎ മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. കാലാവസ്ഥാ മാറ്റങ്ങൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും ഏത് പ്രതിസന്ധി ഘട്ടങ്ങളെയും നേരിടാൻ ഫെഡറൽ, പ്രാദേശിക അധികാരികൾക്കിടയിൽ ശക്തമായ ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്നും എൻസിഇഎംഎ വ്യക്തമാക്കി.