
റോഡിന്റെ എതിർദിശയിൽ ഓടിച്ച ബൈക്ക് അപകടത്തിൽപെട്ട് റൈഡർക്ക് ഗുരുതര പരിക്ക്. അൽ ബർഷ സൗത്ത് ജങ്ഷന് സമീപത്തെ ഉമ്മുസുഖൈം സ്ട്രീറ്റിലാണ് അപകടമുണ്ടായത്.
സംഭവം കമാൻഡ് ആൻഡ് കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ അതിവേഗത്തിൽ ട്രാഫിക് പട്രോളിങ് വിഭാഗത്തെയും ആംബുലൻസിനെയും അയച്ചതായി ദുബൈ പൊലീസിലെ ട്രാഫിക് വകുപ്പ് ഡയറക്ടർ ബ്രി. ജുമാ സാലിം ബിൻ സുവൈദാൻ പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ റൈഡറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അതേസമയം കൃത്യമായ അപകടകാരണം കണ്ടെത്തുന്നതിന് ട്രാഫിക് അപകടങ്ങൾ വിലയിരുത്തുന്ന വിദഗ്ധ സംഘം സ്ഥലത്ത് എത്തുകയും പരിശോധനകൾ പൂർത്തിയാക്കുകയുംചെയ്തു. അപകടത്തെ തുടർന്ന് റോഡിലുണ്ടായ ഗതാഗത തടസ്സം ഒഴിവാക്കുന്ന രീതിയിൽ പൊലീസ് നടപടികൾ സ്വീകരിച്ചു.
അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പൊലീസ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. എതിർദിശയിൽ വാഹനമോടിക്കുന്നത് 600 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കുന്ന കുറ്റമാണ്. ഏഴ് ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.