ublnews.com

ഖോർഫക്കാനിലെ പെയ്ഡ് പാർക്കിങ് മേഖലകളിൽ പുതിയ സമയക്രമം പ്രഖ്യാപിച്ചു

ഖോർഫക്കാനിലെ പെയ്ഡ് പാർക്കിങ് മേഖലകളിൽ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ആഴ്ചയിൽ ഏഴു ദിവസവും പാർക്കിങ് ഫീസ് ബാധകമായ മേഖലകളിലെ സമയമാണ് നഗരസഭ നീട്ടിയത്. ഈ മാസം 16 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും.

നിലവിൽ രാത്രി 10 വരെയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. പുതിയ നിർദ്ദേശപ്രകാരം രാവിലെ 8 മുതൽ അർധരാത്രി 12 വരെ പാർക്കിങ് ഫീസ് നൽകണം. നീല നിറത്തിലുള്ള ബോർഡുകൾ സ്ഥാപിച്ച മേഖലകളിലാണ് പൊതു അവധി ദിവസങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ബാധകമാകുന്നത്.

ഷാർജ നഗരത്തിലെ തിരക്കേറിയ മേഖലകളിൽ 2024 നവംബർ മുതൽ ഇതേ സമയക്രമം നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഖോർഫക്കാനിലും സമയം നീട്ടിയിരിക്കുന്നത്.

പാർക്കിങ് നിരക്കുകൾ(ഷാർജയിലെ എല്ലാ പെയ്ഡ് പാർക്കിങ് മേഖലകളിലും നിലവിലുള്ള നിരക്കുകൾ താഴെ പറയുന്നവയാണ്)
1 മണിക്കൂർ – 2 ദിർഹം
2 മണിക്കൂർ – 5 ദിർഹം
3 മണിക്കൂർ – 8 ദിർഹം
5 മണിക്കൂർ – 12 ദിർഹം

എസ്എംഎസ് (SMS) വഴിയോ മെഷീനുകൾ വഴിയോ പാർക്കിങ് ടിക്കറ്റുകൾ എടുക്കാവുന്നതാണ്. സ്ഥിരമായി പാർക്കിങ് സൗകര്യം ഉപയോഗിക്കുന്നവർക്കായി സീസൺ സബ്സ്ക്രിപ്ഷൻ പാസുകളും ലഭ്യമാണ്.

സബ്സ്ക്രിപ്ഷൻ നിരക്കുകൾ (ബിസിനസ്)
ഷാർജയിലെ എല്ലാ മേഖലകളിലും പാർക്ക് ചെയ്യാവുന്ന ബിസിനസ് സബ്സ്ക്രിപ്ഷൻ പാസുകൾക്ക് താഴെ പറയുന്ന നിരക്കുകൾ നൽകണം:
10 ദിവസം – 170 ദിർഹം
20 ദിവസം – 290 ദിർഹം

30 ദിവസം – 390 ദിർഹം
3 മാസം – 1,050 ദിർഹം
12 മാസം – 2,850 ദിർഹം

തിരഞ്ഞെടുത്ത രണ്ട് മേഖലകളിൽ മാത്രം പാർക്ക് ചെയ്യാവുന്ന പാസുകൾക്ക് 3 മാസത്തേക്ക് 600 ദിർഹവും ഒരു വർഷത്തേക്ക് 2,100 ദിർഹവുമാണ് നിരക്ക്. വ്യക്തിഗത ഉപയോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും അവരുടെ ആവശ്യാനുസരണം പ്ലാനുകൾ തിരഞ്ഞെടുക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top