
വാനരവസൂരിക്കെതിരെ (എംപോക്സ്) ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ. ഇത്തരം കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർക്കും പകരാം.
യാത്രയിലും ഒത്തുചേരലിലും മതിയായ ആരോഗ്യസുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും. രോഗബാധിതരുമായി അടുത്ത് ഇടപഴകിയവർ 21 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രോഗബാധിതർ സുഖപ്പെടുംവരെ ആശുപത്രിയിലാക്കും.
രോഗബാധിതരുമായോ വന്യമൃഗങ്ങളുമായോ അടുത്ത് ഇടപഴകുന്നതിലൂടെ പകരുന്ന വൈറസാണ് എംപോക്സ്. സ്രവങ്ങൾ, ശ്വസന കണികകൾ, വൈറസ് ബാധിച്ച വസ്തുക്കൾ എന്നിവയിലൂടെയും പകരാം.
രോഗം ബാധിച്ചയാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തെത്തുന്ന ശ്വസന കണികകളിലൂടെയും പകരും. സംശയാസ്പദമായ കേസുകൾ സർക്കാർ ആശുപത്രികളിലെ ഐസലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കുകയും സർക്കാർ ഐസലേഷനിലേക്കു മാറ്റുകയും വേണം.
അബുദാബി എമിറേറ്റിൽ അൽറഹ്ബ ഹോസ്പിറ്റൽ, അൽഐൻ ഹോസ്പിറ്റൽ, ലിവ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഐസലേഷൻ സെന്ററിലേക്കാണ് രോഗികളെ മാറ്റുക.ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നതു മുതൽ അവ ഉണങ്ങി പുതിയ തൊലി വരുന്നതു വരെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാം.
രോഗബാധിതനായ വ്യക്തിയുടെ തൊലിപ്പുറത്തുള്ള കുമിളകൾ, വ്രണങ്ങൾ, അല്ലെങ്കിൽ ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് വഴി രോഗം പകരുന്നു. ഗർഭിണിയിൽ നിന്ന് മറുപിള്ള വഴി കുഞ്ഞിലേക്ക് പകരാൻ സാധ്യതയുണ്ട്.