
യുഎഇയിലെ പഴഞ്ഞിക്കാരൻ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന കുന്നംകുളം പെരുന്നാൾ അടുത്തമാസം ഒന്നിന് നടക്കും. ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പെരുന്നാളാഘോഷം നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടാം വർഷമാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഐ.എം വിജയൻ, ബി.കെ ഹരിനാരായണൻ അടക്കമുള്ള സാമൂഹിക കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായെത്തും.
ഉച്ചക്ക് 12 മണിക്ക് പെരുന്നാൾ കൊടികയറും. മേളങ്ങളുടെ അകമ്പടിയോടെ ഗജസംഗമം, പെരുന്നാൾ തലേക്കെട്ട് വെക്കൽ, മോഹനൻ വാരിയരുടെ നേതൃത്വത്തിൽ 51 കലാകാരൻമാരുടെ ചെണ്ട മേളം, ശിങ്കാരിമേളം, കൊട്ടിക്കയറ്റം ഇതിനുപുറമെ വൈകുന്നേരം വിനീത് ശ്രീനിവാസൻ ഷോ, സ്റ്റീഫൻ ദേവസ്സി ഷോ, സ്റ്റീഫൻ ദേവസ്സി സ്ഫടികം ഫ്യൂഷൻ, സ്ഫടികം രാഗദീപം ഫ്യൂഷൻ, രാഗദീപം ബാൻഡ്സെറ്റ് എന്നിവയും രാത്രി പത്തര മുതൽ ജെൻസി ഡിജെ തുടങ്ങിയവയാണ് പ്രധാനപരിപാടികൾ.
വാർത്താസമ്മേളനത്തിൽ കുന്നംകുളം പെരുന്നാൾ പ്രസിഡന്റ് ഷാജു സൈമൺ, കൺവീനർമാരായ സരിൻ ചീരൻ, റോഷൻ സത്യൻ, പബ്ലിക് റിലേഷൻ കോർഡിനേറ്റർ ബ്യൂട്ടി പ്രസാദ്, ഹൈ സ്റ്റേജ് ഇവന്റ്സ് ഡയറക്ടർ സോനു ഷാജു, സ്പോൺസർഷിപ് കോർഡിനേറ്റർ സിലിൻ സൈമൺ, മീഡിയ കോർഡിനേറ്റർ ജിജോ രാജ് എന്നിവർ പങ്കെടുത്തു.