ublnews.com

ജൈറ്റക്സിന് ഇനി എക്സ്പോ സിറ്റി വേദിയാകും; മാറ്റം അടുത്ത വർഷം

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ മേളകളിലൊന്നായ ജൈറ്റെക്‌സ് അതിന്റെ അനുബന്ധ പരിപാടിയായ എക്‌സ്‌പാൻഡ് നോർത്ത് സ്റ്റാറിനൊപ്പം അടുത്ത വർഷം ദുബായ് എക്‌സ്‌പോ സിറ്റിയിലേക്ക് മാറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് 2026 ഡിസംബർ 7 മുതൽ 11 വരെയാകും മേള നടക്കുക. നിലവിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ജൈറ്റക്സ് പ്രദർശനം. സാങ്കേതികവിദ്യയും ജീവിതശൈലിയും സമന്വയിപ്പിച്ച് നഗരമെങ്ങും ആക്ടിവേഷനുകളോടെ ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ‘ടെക്‌കേഷൻ’ (TechCation) അനുഭവം ജൈറ്റെക്‌സുമായി ബന്ധപ്പെടുത്തി സംഘടിപ്പിക്കാനും ഷെയ്ഖ് ഹംദാൻ നിർദേശം നൽകിയിട്ടുണ്ട്.

ഈ മാറ്റം ദുബായ് സാമ്പത്തിക അജണ്ട ഡി33-ന്റെ ലക്ഷ്യങ്ങൾക്ക് കരുത്തേകാനും ലോകത്തെ മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ദുബായിയെ മാറ്റിയെടുക്കാനും സഹായിക്കും. കഴിഞ്ഞ 45 വർഷമായി ദുബായിയെയും യുഎഇയെയും ആഗോള സാങ്കേതിക ഭൂപടത്തിലെ മുൻനിര ശക്തികളായി അടയാളപ്പെടുത്തിയ ജൈറ്റെക്‌സ് നവീകരണത്തിന്റെയും ബിസിനസിന്റെയും ജീവിതശൈലി അനുഭവങ്ങളുടെയും പുതിയ മാനം നൽകിക്കൊണ്ട് 2026-ലെ പതിപ്പിലൂടെ രാജ്യാന്തര സാങ്കേതിക ഇവന്റുകളുടെ കലണ്ടറിനെ മാറ്റിമറിക്കാൻ ഒരുങ്ങുകയാണ്.

സർഗാത്മകത, കണ്ടെത്തലുകൾ, ആകർഷകമായ ലക്ഷ്യസ്ഥാനം എന്നിവയുടെ നവയുഗ സംയോജനമായ ‘ടെക്‌കേഷൻ’ ജൈറ്റെക്‌സിൽ അരങ്ങേറ്റം കുറിക്കും. ഇത് ട്രിപ്പ്അഡ്വൈസറുടെ ട്രാവലേഴ്‌സ് ചോയ്‌സ് ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് ഡെസ്റ്റിനേഷൻസ് അവാർഡ്‌സ് 2024-ൽ ഒന്നാം സ്ഥാനം നേടിയ ദുബായുടെ ആഗോള ലക്ഷ്യസ്ഥാന പദവിക്ക് കൂടുതൽ ഊർജം പകരും. ജൈറ്റെക്‌സ് ഡിസംബറിലേക്ക് മാറ്റുന്നത് ദുബായുടെ ഊർജസ്വലമായ ടൂറിസം സീസണിന്റെ മധ്യത്തിലാകും.

ഇത് രാജ്യാന്തര ടെക് എക്‌സിക്യൂട്ടീവുകൾക്കും നിക്ഷേപകർക്കും നഗരത്തിലെ സാംസ്‌കാരിക പരിപാടികൾ അടുത്തറിയാനും കൂടുതൽ ആകർഷകവും ദൈർഘ്യമേറിയതുമായ താമസത്തിന് അവസരം നൽകാനും അനുയോജ്യമായ പശ്ചാത്തലമൊരുക്കും. ലോകത്തിലെ മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി 2033-ഓടെ ദുബായിയെ മാറ്റിയെടുക്കാൻ ലക്ഷ്യമിടുന്ന ദുബായ് സാമ്പത്തിക അജണ്ട ഡി33-ന് അനുസൃതമായാണ് ജൈറ്റെക്‌സ് ടെക്‌കേഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. ലോകോത്തര ബിസിനസ്, സാംസ്കാരിക, ജീവിതശൈലി സൗകര്യങ്ങളാൽ സമ്പന്നമായ ഏറ്റവും സുരക്ഷിതവും മികച്ച കണക്റ്റിവിറ്റിയുമുള്ള നഗരങ്ങളിലൊന്നായ ദുബായിലെ ഈ അന്തരീക്ഷം സാങ്കേതിക രംഗത്തെ നേതാക്കൾക്കും നിക്ഷേപകർക്കും ഡിജിറ്റൽ നോമാഡുകൾക്കും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തുടരാൻ ഡി33 അജണ്ട കൂടുതൽ ശക്തി നൽകും എന്നാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top