
റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ റെക്കോർഡ് നേട്ടവുമായി ഷാർജ. 2025ൽ 6560 കോടി ദിർഹത്തിന്റെ വ്യാപാരമാണ് നടന്നത്. 2024നെ (4000 കോടി ദിർഹം) അപേക്ഷിച്ച് 64.3% വർധന.
ശക്തമായ നിയമ സംവിധാനം, പുതിയ ഫ്രീഹോൾഡ് പദ്ധതികളുടെ വർധന, ആകർഷക വാടക നിരക്കുകൾ എന്നിവയാണ് റെക്കോർഡ് വളർച്ചയ്ക്ക് ഷാർജയ്ക്ക് തുണയായത്. കൂടാതെ സ്മാർട്ട് സേവനങ്ങളിലൂടെ ഇടപാടുകൾ എളുപ്പമാക്കിയതും നിക്ഷേപകരുടെ താൽപര്യം വർധിപ്പിച്ചു. കഴിഞ്ഞ വർഷം 1.32,659 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. ഇതു മുൻവർഷത്തെ അപേക്ഷിച്ച് 26.3% കൂടുതലാണ്. വിൽപന 38.4% വർധിച്ച് 33,580 കവിഞ്ഞു.
വായ്പാ ഇടപാടുകളുടെ മൂല്യം 1550 കോടിയായി ഉയർന്നു. 129 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും 3380 കോടി ദിർഹവുമായി സ്വദേശികളാണ് മുന്നിൽ. 41,066 പ്രോപ്പർട്ടികളിലാണ് സ്വദേശികൾ നിക്ഷേപിച്ചത്. ജിസിസി രാജ്യക്കാർ 340 കോടി ദിർഹം (2,055 പ്രോപ്പർട്ടികൾ), അറബ് രാജ്യക്കാർ 980 കോടി ദിർഹം (8,663 പ്രോപ്പർട്ടികൾ), മറ്റു വിദേശികൾ 1850 കോടി ദിർഹം (8,538 പ്രോപ്പർട്ടികൾ) എന്നിങ്ങനെയാണ് കണക്ക്.