
വിദ്യാർഥികളുടെ മാനസികാരോഗ്യവും പഠന നിലവാരവും മെച്ചപ്പെടുത്താൻ സ്കൂൾ പ്രവർത്തന സമയം വൈകിപ്പിക്കുന്നു. രാവിലെ ഏഴിനോ ഏഴരയ്ക്കോ ആരംഭിച്ചിരുന്ന സ്കൂൾ സമയം എട്ടേകാലിനോ ഒൻപതിലേക്കോ മാറ്റാനാണ് തീരുമാനം.
ചില സ്കൂളുകൾ ഇതിനകം തന്നെ സമയമാറ്റം നടപ്പിലാക്കി. ഇതോടെ റോഡിലെ ഗതാഗതക്കുരുക്കും കുറഞ്ഞു. തന്മൂലം വിദ്യാർഥികൾക്കും മുതിർന്നവർക്കും പെട്ടെന്ന് ലക്ഷ്യത്തിലെത്താനും സാധിക്കുന്നു. യുഎഇയിൽ ജുമുഅ സമയം നേരത്തെ ആക്കിയതിനാൽ വെള്ളിയാഴ്ചകളിൽ 11.10ന് സ്കൂൾ വിടുന്നത് വിദ്യാർഥികൾക്ക് ഗതാഗതക്കുരുക്കിൽ അകപ്പെടാതെ കൃത്യസമയത്ത് വീട്ടിലെത്താൻ സഹായിക്കുന്നു. ഇതുമൂലം കുട്ടികൾക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് അവരുടെ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുന്നു.
രാവിലെ ഉണ്ടാകുന്ന അമിത സമ്മർദം കുറയ്ക്കുക വഴി കുട്ടികളിലെ ഉത്കണ്ഠ കുറയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ചില സ്കൂളുകൾ പ്രകൃതിയോട് ഇണങ്ങിയുള്ള പഠനരീതികൾ സ്വീകരിക്കുന്നതും കുട്ടികളുടെ മാനസിക ഉന്മേഷത്തിന് ഗുണകരമാകുന്നുണ്ട്. ഇതേസമയം ജോലിക്കാരായ മാതാപിതാക്കളുടെ സമയക്രമവുമായി സ്കൂൾ സമയം ഒത്തുപോകാത്തത് വെല്ലുവിളിയാണ്. സമയം മാറ്റം വേനലിലേക്കു നീങ്ങുമ്പോൾ ഉച്ചകഴിഞ്ഞുള്ള ചൂടും പരിഗണിക്കണമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.