
ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പുതുവത്സര സമ്മാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ അധിക ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചത്.
5 കിലോ, 10 കിലോ എന്നിങ്ങനെ അധിക ലഗേജുകൾ ആകർഷകമായ ഡിസ്കൗണ്ടിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. ഈ മാസം 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇന്ന്(16) മുതൽ മാർച്ച് 10 വരെയുള്ള യാത്രകൾക്കായി ഈ ഓഫർ ഉപയോഗപ്പെടുത്താം.
യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് വെറും 2 ദിർഹം നിരക്കിൽ 5 കിലോയോ 10 കിലോയോ അധിക ലഗേജ് സ്വന്തമാക്കാം. സൗദിയിൽ 2 റിയാൽ, ഖത്തറിൽ 2 റിയാൽ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ 0.2 ദിനാർ/റിയാൽ എന്നിങ്ങനെയാണ് അധിക ലഗേജിനുള്ള നിരക്കുകൾ.
എയർ ഇന്ത്യ എക്സ്പ്രസിന്റെ എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് തുടങ്ങി എല്ലാ നിരക്കുകളിലും ഈ ഓഫർ ലഭ്യമാണ്. നിലവിൽ ഈ സെക്ടറുകളിൽ 30 കിലോ ലഗേജ് സൗകര്യം എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നുണ്ട്. പുതിയ ഓഫർ കൂടി പ്രയോജനപ്പെടുത്തുന്നതോടെ യാത്രക്കാർക്ക് ആകെ 40 കിലോ വരെ ലഗേജ് നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കും.