
സങ്കീർണമായ അസ്ഥിമജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അബുദാബിയിലെ ആരോഗ്യമേഖല പുതിയ ചരിത്രമെഴുതി. ഖലീഫ സിറ്റിയിലെ യാസ് ക്ലിനിക്കും അബുദാബി സ്റ്റെം സെൽ സെന്ററും സംയുക്തമായാണ് ബന്ധു അല്ലാത്ത ദാതാവിൽ നിന്ന് ശേഖരിച്ച അസ്ഥിമജ്ജ 55 വയസ്സുകാരിയായ സ്വദേശി വനിതയിൽ വിജയകരമായി വച്ചുപിടിപ്പിച്ചത്. അബുദാബിയിലെ ഹേമറ്റോളജി ചികിത്സാ രംഗത്തെ പ്രധാന നാഴികക്കല്ലായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.
രക്തസംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ച രോഗിക്ക് അടിയന്തരമായി അസ്ഥിമജ്ജ മാറ്റിവയ്ക്കൽ അനിവാര്യമായിരുന്നു. എന്നാൽ കുടുംബാംഗങ്ങളിൽ ആരുടെയും അസ്ഥിമജ്ജ രോഗിയുടേതുമായി പൊരുത്തപ്പെട്ടില്ല. തുടർന്ന് രാജ്യാന്തര തലത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ അമേരിക്കയിൽ നിന്നാണ് നൂറു ശതമാനവും പൊരുത്തപ്പെടുന്ന ദാതാവിനെ കണ്ടെത്തിയത്. അമേരിക്കയിൽ നിന്ന് ശേഖരിച്ച സ്റ്റെം സെല്ലുകൾ അതീവ സുരക്ഷിതമായി വിമാനമാർഗം അബുദാബിയിൽ എത്തിക്കുകയായിരുന്നു.
വെറും 30 മിനിറ്റിലേറെ മാത്രം നീണ്ടുനിന്ന ഇൻഫ്യൂഷൻ പ്രക്രിയയിലൂടെയാണ് മജ്ജ കൈമാറ്റം നടന്നത്. ശസ്ത്രക്രിയക്ക് ശേഷം യാസ് ക്ലിനിക്കിലെ പ്രത്യേക വിഭാഗത്തിൽ സുഖം പ്രാപിച്ചുവരുന്ന ഇവർ രണ്ടാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചു. വിദേശരാജ്യങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഇത്തരം അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഇപ്പോൾ അബുദാബിയിൽ തന്നെ ലഭ്യമാകുന്നത് രോഗികൾക്ക് വലിയ ആശ്വാസമാണ്. ആഗോള നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ സ്വന്തം നാട്ടിൽ ലഭ്യമാക്കാനുള്ള അബുദാബിയുടെ പ്രതിബദ്ധതയാണ് ഈ വിജയമെന്ന് ക്ലിനിക്കിലെ വിദഗ്ധ ഡോക്ടർമാർ പറഞ്ഞു.