
മുസ്‌ലിം ബ്രദർഹുഡിന്റെ വിവിധ ശാഖകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ അമേരിക്കൻ നടപടിക്ക് പൂർണ്ണ പിന്തുണയുമായി യുഎഇ. ഈജിപ്ത്, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലെ ബ്രദർഹുഡ് ഗ്രൂപ്പുകളെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഔദ്യോഗികമായി ഭീകര സംഘടനകളായി പ്രഖ്യാപിച്ചത്.
മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇത്തരം ഗ്രൂപ്പുകളെ തടയാൻ യുഎസ്. നടത്തുന്ന വ്യവസ്ഥാപിതമായ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ തീരുമാനമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. തീവ്രവാദത്തിനും വിദ്വേഷ പ്രചാരണങ്ങൾക്കും ബ്രദർഹുഡ് ശാഖകൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെയുള്ള സ്രോതസ്സുകൾ ഇല്ലാതാക്കാൻ ഈ നീക്കം സഹായിക്കും. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷിതത്വം അപകടത്തിലാക്കുകയും ചെയ്യുന്ന ഇത്തരം ഭീകര ശൃംഖലകളെ ഒറ്റപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വ്യക്തമാക്കി. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരായ ആഗോള പോരാട്ടത്തിൽ യുഎഇ സജീവ പങ്കാളിയാണ്. പ്രാദേശികവും രാജ്യാന്തരവുമായ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നീക്കങ്ങൾക്കും യുഎഇ.യുടെ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ തന്നെ യുഎഇ മുസ്‌ലിം ബ്രദർഹുഡിനെ നിരോധിത സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിലെ അമേരിക്കൻ നടപടി ഈ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.