
റമസാൻ ക്യാംപെയിനോടനുബന്ധിച്ച് (ജൂദ് 2026) ഷാർജ ചാരിറ്റി ഇന്റർനാഷനൽ 15 കോടി ദിർഹത്തിന്റെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചു. യുഎഇയിലും വിദേശത്തുമായി ഏകദേശം 20 ലക്ഷത്തിലധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. റമസാൻ മാസത്തിൽ 13 ലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികളും റജിസ്റ്റർ ചെയ്ത 25,000 കുടുംബങ്ങൾക്കായി റമസാൻ കിറ്റുകളും വിതരണം ചെയ്യും.
35,000 പേർക്ക് ഫിത്ർ സകാത്തും 3,000 പേർക്ക് പെരുന്നാൾ പുടവകളും നൽകും. ചികിത്സാ സഹായത്തിനായി 40 ലക്ഷം ദിർഹമും കടബാധ്യതകൾ തീർക്കാൻ 30 ലക്ഷം ദിർഹമും ഭവന സഹായത്തിനായി 10 ലക്ഷം ദിർഹമും മാറ്റിവച്ചിട്ടുണ്ട്. ഷാർജ ചാരിറ്റിയുടെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് നിർമിതബുദ്ധിയിൽ അധിഷ്ടിതമായ സ്മാർട്ട് ആപ്ലിക്കേഷനും പുറത്തിറക്കി. സംഭാവനകൾ നൽകാനും ഇതുവഴി സാധിക്കും. ഷാർജ ചാരിറ്റി ഇന്റർനാഷനൽ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായും സംഭാവന നൽകാം. വിവരങ്ങൾക്ക് 80014 നമ്പറിൽ ബന്ധപ്പെടാം.