
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ ശേഷി വർധിപ്പിച്ച് ആറാം ഘട്ട വികസനം. 1,800 മെഗാവാട്ട് ശേഷിയുള്ള ആറാം ഘട്ടത്തിന്റെ ഭാഗമായി 1,000 മെഗാവാട്ട് ആണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്. 2050ഓടെ ദുബായുടെ ആകെ ഊർജ ഉൽപാദനത്തിന്റെ 100 ശതമാനവും സംശുദ്ധ സ്രോതസ്സുകളിൽ നിന്നാക്കുക എന്ന ക്ലീൻ എനർജി സ്ട്രാറ്റജി 2050 നയത്തിന്റെ ഭാഗമായാണ് പദ്ധതി വിപുലീകരണം.
ലോകത്തിലെ ഏറ്റവും വലിയ ഏക കേന്ദ്ര സൗരോർജ പാർക്കാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക്. 2030ഓടെ ഇതിന്റെ ആകെ ശേഷി 5,000 മെഗാവാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധിക ഉൽപാദന ശേഷി വഴി വർഷത്തിൽ ലക്ഷക്കണക്കിന് ടൺ കാർബൺ പ്രസരണം കുറയ്ക്കാനും സാധിക്കും.
അബുദാബി ആസ്ഥാനമായ മസ്ദാർ കമ്പനിയുമായി സഹകരിച്ചുള്ള ആറാം ഘട്ടം വികസനം വർഷാവസാനത്തോടെ പൂർത്തിയാകും. ഇതോടെ ദുബായുടെ ഹരിതാഭയും സുസ്ഥിരതയും വർധിപ്പിക്കുന്നതിൽ സൗരോർജ പാർക്ക് മുഖ്യ വഹിക്കുമെന്നാണ് വിലയിരുത്തുന്നത്.