
ആഗോള നിക്ഷേപകരുടെ വിശ്വസ്ത കേന്ദ്രമെന്ന ഖ്യാതി അരക്കിട്ടുറപ്പിച്ച് ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ചരിത്രനേട്ടം. 2025-ൽ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 917 ബില്യൻ ദിർഹമിലെത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. പ്രതീക്ഷകളെയും മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളെയും അപ്രസക്തമാക്കിയാണ് ദുബായ് ഈ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ദുബായ് ആവിഷ്കരിച്ച ദീർഘകാല പദ്ധതി പ്രകാരം 2033 നകം ഒരു ലക്ഷം കോടി (ഒരു ട്രില്യൻ) ദിർഹമിന്റെ ഇടപാടുകൾ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിശ്ചയിച്ച സമയപരിധിക്ക് എട്ടു വർഷം മുൻപ് തന്നെ ഈ മാന്ത്രിക സംഖ്യയ്ക്ക് തൊട്ടടുത്തെത്താൻ ദുബായിക്ക് സാധിച്ചു എന്നത് ലോകത്തെ വിസ്മയിപ്പിക്കുകയാണ്.
വാഗ്ദാനം പാലിക്കുന്ന നയം ദുബായിയുടെ സാമ്പത്തിക ഭദ്രതയിൽ വിശ്വാസമർപ്പിച്ച ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ഷെയ്ഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി. ഞങ്ങൾ പറയുന്നത് പ്രവർത്തിക്കും, പ്രവർത്തിക്കുന്നത് മാത്രമേ പറയൂ എന്ന യുഎഇയുടെ പ്രഖ്യാപിത നയം അദ്ദേഹം ഒരിക്കൽ കൂടി ഓർമിപ്പിച്ചു. നിക്ഷേപകർക്ക് ഏറ്റവും മികച്ച അവസരങ്ങൾ ഒരുക്കുന്നതിനായി എല്ലാ മേഖലകളും കൂടുതൽ വികസിപ്പിക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
വിൽപനയിൽ വൻ വർധന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വൻ വർധനയാണ് 2025-ൽ രേഖപ്പെടുത്തിയത്. ആകെ 2,15,700 വസ്തു ഇടപാടുകളാണ് നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ 18.7 ശതമാനവും മൊത്തം മൂല്യത്തിൽ 30.9 ശതമാനവും വളർച്ചാ നിരക്ക് രേഖപ്പെടുത്തി. ഈ കുതിപ്പ് ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയുടെ കരുത്തും സുതാര്യതയുമാണ് വ്യക്തമാക്കുന്നതെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.