
ഷാർജയിൽ ആഘോഷ മേളമൊരുക്കാൻ രംഗോത്സവ് എത്തുന്നു. സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് അവതരിപ്പിക്കുന്ന രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ് ഈ മാസം 18-ന് നടക്കും. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്) യുടെ ദി ഫ്ലാഗ് ഐലൻഡിൽ വെച്ചാണ് പരിപാടി. സംഗീതം, നൃത്തം, ഫാഷൻ, കലാപ്രകടനം എന്നിവ സംയോജിപ്പിച്ചുള്ള മനോഹര ആവിഷ്ക്കാരമാണ് ഒരുക്കുന്നതെന്ന് സംഘാടകരായ സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് ടീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തെയും പൈതൃകത്തെയും അവതരിപ്പിക്കുന്ന ആഘോഷമാണ് “രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്” .
“ടൈംലെസ് എക്കോസ് ഓഫ് എസ്.പി.ബി” എന്ന പ്രത്യേക സംഗീതാർപ്പണമാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഇതിഹാസ ഗായകനായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വര ഗാനങ്ങളെയും സംഗീത യാത്രയെയും ആദരിക്കുന്ന പ്രൗഢമായ ചടങ്ങാണ് ഇതെന്ന് സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് സി ഇ ഒ പദ്മ രാമചന്ദ്രൻ പറഞ്ഞു.
നൃത്തവിഭാഗത്തിൽ, ബോളിവുഡ് നൃത്തങ്ങളുടെ ഊർജസ്വലതയും കഥക് അടക്കമുള്ള ശാസ്ത്രീയ നൃത്തരൂപങ്ങളുടെ സൗന്ദര്യവും ഒരുമിക്കുന്ന മനോഹര അവതരണങ്ങളാണ് അരങ്ങേറുക. വർണ്ണാഭമായ വേഷങ്ങളും മനോഹരമായ ചുവടുവെപ്പുകളും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ വേദിയിൽ പകർന്നുനൽകും. ഇതോടൊപ്പം ആകർഷകമായ ഫാഷൻ ഷോകളും പ്രാദേശിക പ്രതിഭകളുടെ പ്രകടനങ്ങളും ഉണ്ടായിരിക്കും. പ്രശസ്ത ഗായകരായ നിഖിൽ മാത്യു, വർഷ എസ്. കൃഷ്ണൻ, അഖില എന്നിവർ ലൈവ് സംഗീതാവതരണങ്ങളുമായി വേദിയിലെത്തും. പ്രണയഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളും ജനപ്രിയ ബോളിവുഡ് ഹിറ്റുകളും ഉൾപ്പെടുന്ന ഗാനവിരുന്നാണ് ഒരുക്കുന്നത്.
പ്രശസ്തരായ നിരവധി കലാകാരന്മാരുടെ സാന്നിധ്യവും രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റിന്റെ മാറ്റ് കൂട്ടുമെന്ന് സംഘാടകർ അറിയിച്ചു. കല, സംഗീതം, സംസ്കാരം എന്നിവയിലൂടെ ആളുകളെ ഒരുമിപ്പിക്കുന്ന ഒരു സമൂഹാഘോഷമായി ‘രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്’ മാറുമെന്നും സംഘാടകർ പറഞ്ഞു. വൈകുന്നേരം നാല് മുതൽ രാത്രി പന്ത്രണ്ട് മണി വരെ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വൈവിധ്യമാർന്ന അവതരണങ്ങളും ഉത്സവാന്തരീക്ഷവും കൊണ്ട് ‘റംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്’ ഈ വർഷത്തെ ഷാർജയിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക പരിപാടികളിലൊന്നായി മാറും . നിറങ്ങളുടെയും സൃഷ്ടിപരമായ പ്രകടനങ്ങളുടെയും സാംസ്കാരിക ഐക്യത്തിന്റെയും മറക്കാനാവാത്ത ഒരു ആഘോഷമായിരിക്കും പരിപാടി പ്രേക്ഷകർക്ക് സമ്മാനിക്കുക .2016 മുതൽ യുഎഇയിലെ വിനോദരംഗത്ത് സജീവ സാന്നിധ്യമായ സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് നിരവധി സാംസ്കാരിക പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. MENA മേഖലയിലെ പ്രമുഖ ഏഷ്യൻ ചാനലിൽ സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് അവതരിപ്പിച്ച യുഎഇ യിലെ ആദ്യ സംയുക്ത നൃത്ത–ഗാന റിയാലിറ്റി ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു.