
അബുദാബിയിൽ വോക്കബിൾ സിറ്റി വരുന്നു. താമസക്കാർക്ക് 15 മിനിറ്റ് നടന്നാൽ എല്ലാ അവശ്യസാധനങ്ങളും, സേവനങ്ങളും ലഭ്യമാകുംവിധം പ്രത്യേക കമ്യൂണിറ്റികളായാണ് വോക്കബിൾ സിറ്റി സജ്ജമാകുക.
കാൽനടയായോ സൈക്കിളിലോ ഇ-സ്കൂട്ടറിലോ പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കുന്ന ഈ നഗരത്തിൽ കാറുകൾക്ക് പ്രവേശനമില്ല. 4200 കോടി ദിർഹം ചെലവിലാണ് പദ്ധതി സജ്ജമാക്കുക. ദുബായ് നേരത്തെ പ്രഖ്യാപിച്ച 20 മിനിറ്റ് സിറ്റിയുടെ മറ്റൊരു പതിപ്പായിരിക്കും ഇത്.
സാമൂഹിക ഐക്യവും ക്ഷേമവും വളർത്തുന്നതിനൊപ്പം താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നെന്ന് ഉറപ്പാക്കുന്ന ഒട്ടേറെ പദ്ധതികൾ വിഭാവനം ചെയ്യുന്നു. 283 സൈക്ലിങ് ട്രാക്കുകൾ, 200 പാർക്കുകൾ, 120 കിലോമീറ്റർ നടപ്പാതകൾ, 28 സംഗമകേന്ദ്രങ്ങൾ (മജ്ലിസ്), 24 സ്കൂളുകൾ, 21 പള്ളികൾ, താമസ, വാണിജ്യ കെട്ടിടങ്ങൾ, ആശുപത്രികൾ തുടങ്ങി ജനജീവിതത്തിന് ആവശ്യമായ എല്ലാം ഇവിടെ ഒരുക്കുന്നതിന് 1200 കോടി ദിർഹം പ്രത്യേകമായി വകയിരുത്തി. വോക്കബിൾ സിറ്റിയിൽ ഇല്ലാത്ത സേവനം ലഭ്യമാകുന്ന മറ്റു സ്ഥലങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കും. ഓരോ പ്രദേശത്തെയും കുടുംബങ്ങൾക്കെല്ലാം ഉപയോഗപ്പെടുത്താവുന്ന പൊതുസൗകര്യങ്ങളുണ്ടാകും. നടക്കാനും സൈക്കിൾ സവാരിക്കുമുള്ള പ്രത്യേക പാതകൾ സുരക്ഷ വർധിപ്പിക്കാനും അപകടം കുറയ്ക്കാനും വഴിയൊരുക്കും. രാത്രി സഞ്ചാരികൾക്കും സുരക്ഷിതമായ ഇടമാകും.
ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജനങ്ങൾ തമ്മിൽ നല്ല ബന്ധം കാത്തുസൂക്ഷിക്കാനും പുതിയ നഗരം പ്രേരണയാകും. ജീവിത നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല ഗതാഗതക്കുരുക്ക് കുറയ്ക്കുകയും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.