ublnews.com

പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ ബാ​ഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പുത്തൻ സമ്മാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് അധിക ലഗേജ് കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് എയർലൈൻ അവതരിപ്പിച്ചത്. അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ അധികമായി ലഭിക്കുന്ന ലഗേജുകൾക്ക് വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇൌ മാസം(ജനുവരി) 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഇൌ മാസം 16 മുതൽ മാർച്ച് 10 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കായിരിക്കും ഈ ഇളവ് ലഭിക്കുക.

യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് രണ്ട് ദിർഹം മാത്രം നൽകി അഞ്ച് കിലോയോ പത്ത് കിലോയോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റായ www.airindiaexpress.com വഴിയോ മൊബൈൽ ആപ്പ് വഴിയോ മറ്റ് ബുക്കിങ് സൈറ്റുകൾ വഴിയോ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ഈ ഓഫർ തിരഞ്ഞെടുക്കാം.

നിലവിൽ എക്സ്പ്രസ് ലൈറ്റ് ഒഴികെയുള്ള നിരക്കുകളിൽ 30 കിലോ വരെ സൗജന്യ ലഗേജ് സൗകര്യം എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നുണ്ട്. പുതിയ ഓഫർ കൂടി പ്രയോജനപ്പെടുത്തുന്നതോടെ യാത്രക്കാർക്ക് 40 കിലോ വരെ ലഗേജ് നാട്ടിലേക്ക് എത്തിക്കാൻ സാധിക്കും. അവധിക്കാലം കഴിഞ്ഞു മടങ്ങുന്നവർക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ കരുത്തുന്നവർക്കും ഈ ഇളവ് വലിയ ആശ്വാസമാകും.

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിനം 500-ലേറെ സർവീസുകളാണ് നടത്തുന്നത്. നൂറിലധികം വിമാനങ്ങളുള്ള കമ്പനി ഇന്ത്യയിലെ 45 നഗരങ്ങളെയും 16 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നു. മികച്ച ഭക്ഷണവും സീറ്റുകളും ഡിജിറ്റൽ സേവനങ്ങളും ഉറപ്പാക്കുന്നതോടൊപ്പം സാധാരണക്കാരായ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം നൽകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top