
തൊഴിൽ കരാർ ലംഘനം പരാതിപ്പെടാൻ സ്വദേശികൾക്കും വിദേശികൾക്കും രണ്ടു ഫോൺ നമ്പർ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾ 80060 എന്ന നമ്പറിലും പ്രവാസികൾ 046659999 എന്ന നമ്പരിലുമാണ് പരാതിപ്പെടേണ്ടത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, സ്മാർട് ആപ്ലിക്കേഷൻ എന്നിവയിലൂടെയും പരാതി അറിയിക്കാം.
കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ തൊഴിലാളി പരാജയപ്പെട്ടാൽ ഉടമയ്ക്കും ഉടമ പരാജയപ്പെട്ടാൽ തൊഴിലാളിക്കും പരാതി നൽകാമെന്ന് മന്ത്രാലയം അറയിച്ചു. പരാതി ലഭിച്ചാൽ ആദ്യ ഘട്ടമായി ഇരു കക്ഷികൾക്കും സന്ദേശം ലഭിക്കും. പ്രശ്നം സൗഹാർദപരമായി പരിഹരിക്കാൻ നിയമ വിദഗ്ധൻ ഇടപെടും. ഇതുവഴി പരിഹാരമായില്ലെങ്കിൽ ഹിയറിങിനു വിളിപ്പിക്കും.
മന്ത്രാലയ മധ്യസ്ഥതയിലുള്ള ഹിയറിങിലും പരിഹാരമാകുന്നില്ലെങ്കിൽ ഫയൽ കോടതിക്കു കൈമാറുകയോ വർക്ക് പെർമിറ്റ് റദ്ദാക്കുകയോ ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ തൊഴിൽ പരാതികളിൽ 98 ശതനമാനവും തീർപ്പാക്കാൻ സാധിച്ചതായി മന്ത്രാലയം അവകാശപ്പെട്ടു. പരാതിയിൽ എടുത്ത നടപടികൾ 14 ദിവസത്തിനുള്ളിൽ അറിയിക്കും.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും സ്മാർട് ആപ്ലിക്കേഷൻ വഴിയും പരാതിയുടെ നിലവിലുള്ള സ്ഥിതി അറിയാം. വ്യക്തിഗത തൊഴിൽ തർക്കങ്ങൾ തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള തർക്കങ്ങളായാണ് പരിഗണിക്കുക. ഇതു പരിഹരിക്കും വരെ ജീവനക്കാരോ തൊഴിലുടമയെയോ പരസ്പരം ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും സ്വീകരിക്കാൻ പാടില്ല.
തൊഴിലാളിക്ക് വേതനം നൽകുന്നത് താൽക്കാലികമായി തടഞ്ഞു വച്ചിട്ടുണ്ടെങ്കിൽ അത് മന്ത്രാലയം പരിശോധിക്കും. കേസ് കാലാവധിയിൽ പരമാവധി രണ്ട് മാസത്തേക്ക് ജീവനക്കാരനു വേതനം നൽകണം.