
2025ന്റെ തുടക്കം മുതൽ നവംബർ വരെ ഫുജൈറ എമിറേറ്റിലെ നിരത്തുകളിൽ നടന്ന വാഹനാപകടങ്ങളുടെ കണക്കുകൾ പൊലീസ് പുറത്തുവിട്ടു. ഒരു വർഷത്തിനിടെ ആകെ 11,747 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 7 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 201 പേർക്ക് പരുക്കേറ്റതായും ഗതാഗത സ്ഥിതിവിവര റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫെബ്രുവരി മുതൽ നവംബർ വരെയുള്ള മാസങ്ങളിലായാണ് ഏഴ് മരണങ്ങളും നടന്നത്. ചെറുതും വലുതുമായ അപകടങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ആശങ്കാജനകമാണെന്ന് ഫുജൈറ പൊലീസ് പറഞ്ഞു. പെട്ടെന്നുള്ള ലെയ്ൻ മാറ്റം, റെഡ് സിഗ്നൽ മറികടക്കൽ, വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാതിരിക്കൽ എന്നിവയാണ് മിക്ക ഗുരുതര അപകടങ്ങൾക്കും കാരണമാകുന്നത്. ക്രമരഹിതമായ ലെയ്ൻ മാറ്റം ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതിനൊപ്പം വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായും പൊലീസ് മുന്നറിയിപ്പ് നൽകി.
റോഡുകളിലെ പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കുന്നതിനൊപ്പം ഡ്രൈവർമാർക്കിടയിൽ ട്രാഫിക് സംസ്കാരം വളർത്താനുള്ള ബോധവൽക്കരണവും പൊലീസ് നടത്തുന്നുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിലെ ട്രാഫിക് സിഗ്നലുകളുടെ എണ്ണം പത്തായി വർധിപ്പിച്ചു. തിരക്കേറിയ റോഡുകളിൽ കാൽനടയാത്രക്കാർക്കായി കൂടുതൽ സുരക്ഷിതമായ ക്രോസിങ് പോയിന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡ് സൈനേജുകൾ ശ്രദ്ധിക്കണമെന്നും ഫുജൈറ പൊലീസ് ജനറൽ കമാൻഡ് അഭ്യർഥിച്ചു. ദൃശ്യപരത കുറഞ്ഞയിടങ്ങളിലും ജനവാസ മേഖലകളിലും വേഗത നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ ഓർമിപ്പിച്ചു.