
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന്(വ്യാഴം) നേരിയ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും നേരിയ മഴയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻഎംസി) അറിയിച്ചു. ഇന്ന്(വ്യാഴം) രാജ്യത്തിന്റെ പലയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും തീരദേശ മേഖലകളിലും ദ്വീപുകളിലും വടക്കൻ പ്രവിശ്യകളിലും ആകാശം മേഘാവൃതമാകാനും സാധ്യതയുണ്ട്.
രാത്രികാലങ്ങളിലും വെള്ളിയാഴ്ച പുലർച്ചെയും ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ അന്തരീക്ഷ ആർദ്രത വർധിക്കാൻ സാധ്യതയുള്ളതിനാൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ചിലയിടങ്ങളിൽ 35 കിലോമീറ്റർ വരെ വേഗം കൈവരിച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെങ്കിലും ചിലപ്പോൾ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
വെള്ളിയാഴ്ചയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. വടക്കൻ, കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം. ശനിയാഴ്ചയോടെ തീരദേശങ്ങളിലും വടക്കൻ മേഖലകളിലും മേഘാവൃതമായ അന്തരീക്ഷവും മഴയും പ്രതീക്ഷിക്കുന്നുണ്ട്. ഞായറാഴ്ചയും മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഔട്ട്‌ഡോർ പരിപാടികൾ ആസൂത്രണം ചെയ്യുന്നവർ കാലാവസ്ഥാ റിപോർട്ടുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തിങ്കളാഴ്ചയോടെ കാറ്റിന്റെ വേഗം വർധിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും ഇടയുണ്ട്. തിങ്കളാഴ്ച അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.