ublnews.com

കൺകുളിർക്കെ ക്രിസ്മസ്: ആഘോഷ നിറവിൽ ഗള്‍ഫ് രാജ്യങ്ങൾ; പുതുവർഷം വരെ നീളും ആരവങ്ങൾ

ണ്ണിലെ പ്രാർഥനകളും വിണ്ണിലെ അനുഗ്രഹങ്ങളും ഏറ്റുവാങ്ങി ഗള്‍ഫ് രാജ്യങ്ങളും ക്രിസ്മസ് ആഘോഷ നിറവിൽ. ജിസിസി രാജ്യങ്ങളിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന ക്രിസ്മസ് ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കെടുത്തു. ചില പള്ളികളിലെ ആരാധന ഇന്നും തുടരും.

ഔദ്യോഗിക അവധി ഇല്ലെങ്കിലും വിവിധ കമ്പനികൾ സ്വന്തം നിലയിൽ ജീവനക്കാർക്ക് 2 ദിവസം വരെ അവധി നൽകിയത് ആഘോഷം വർണാഭമാക്കി. വാരാന്ത്യം കൂടി ചേർത്ത് 4 ദിവസത്തെ അവധിയിൽ പലരും ക്രിസ്മസ് ആഘോഷം പൊടിപൊടിക്കുകയാണ്. ഇനി പുതുവർഷം വരെ നീളും മറുനാട്ടിലെ ക്രിസ്മസ് ആരവങ്ങൾ. ഇന്ന് അവധി ഇല്ലാത്തവർ ആഘോഷം വാരാന്ത്യത്തിലേക്കു മാറ്റിവച്ചിരിക്കുകയാണ്.

പരമ്പരാഗത നസ്രാണി സദ്യയൊരുക്കി ഗൾഫിലെ ഹോട്ടലുകൾ കാത്തിരിക്കുന്നു. ഇന്നലെ രാത്രിയോടെ തുടങ്ങിയ ക്രിസ്മസ് സ്പെഷൽ മേള പുതുവർഷം വരെ തുടരും. അപ്പം, സ്റ്റു, കട്‌ലറ്റ്, സാലഡ്, ചോറ്, മീൻകറി, കോഴിക്കറി, താറാവ് റോസ്റ്റ്, ബീഫ് ഫ്രൈ, തോരൻ, പച്ചടി, മോര്, രസം, അച്ചാർ, പപ്പടം, കേക്ക്, പായസം എന്നിവ അടങ്ങിയ നസ്രാണി സദ്യ പാർസലായും എത്തിച്ചുകൊടുക്കുന്നു.

ശരാശരി 30 ദിർഹമാണ് നിരക്ക്. ടർക്കി, താറാവ് മപ്പാസ്, മുയൽ, റോസ്റ്റ്, മാൻ റോസ്റ്റ്, ഒട്ടക റോസ്റ്റ് തുടങ്ങി വിവിധ ഇനങ്ങൾ ആവശ്യമനുസരിച്ച് പ്രത്യേകമായും എത്തിക്കും. മട്ടൻ സ്റ്റൂ, കുട്ടനാടൻ ചിക്കൻ കറി, ഞണ്ട് റോസ്റ്റ്, മീൻ പൊള്ളിച്ചത്, എല്ലുകറി, കപ്പ തുടങ്ങി രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വ്യത്യസ്ത വിഭവങ്ങളൊരുക്കിയാണ് വിവിധ ഹോട്ടലുകൾ ജനങ്ങളെ ആകർഷിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സൗജന്യമായി വീടുകളിൽ എത്തിക്കും.‌ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ മൂന്നു നേരത്തെ ഭക്ഷണത്തിലും മലബാർ, മധ്യകേരളം, തിരുവിതാംകൂർ വിഭവങ്ങൾ പ്രത്യേകമായി ലഭിക്കുന്ന ഹോട്ടലുകളുണ്ട്. ക്രിസ്മസ് ദിനത്തിൽ സന്ദർശകരെ കേക്കും മിഠായിയും നൽകി സാന്റ ക്ലോസ് സ്വീകരിക്കും.

അനശ്വര സ്നേഹത്തിന്‍റെ സംഗീതം പൊഴിയുന്ന ക്രിസ്മസ് ഗ്രാമങ്ങളാണ് യുഎഇയിലെ ഷോപ്പിങ് മാളുകളിലെത്തുന്ന സന്ദർശകരെ വരവേൽക്കുന്നത്. ക്രിസ്മസ് വില്ലേജിലെ മലനിരകളിൽ വര്‍ണ ദീപങ്ങളും ക്രിസ്മസ് ട്രീകളും നിറയുമ്പോൾ മഞ്ഞുപൊഴിയുന്ന താഴ് വാരത്തിൽ മേയുന്ന ആട്ടിന്‍പറ്റങ്ങളും മാന്‍കൂട്ടങ്ങളും ഏവരെയും ആകർഷിക്കുന്നു. സമ്മാനങ്ങളുമായി ഗ്രാമം ചുറ്റുന്ന ക്രിസ്മസ് അപ്പൂപ്പനെ കൗതുകത്തോടെ നോക്കിനിൽക്കുന്ന കുട്ടികളെയും കാണാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top