ublnews.com

എത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസിൽ പങ്കെടുത്ത് യു.എ.ഇ മന്ത്രിമാർ

ദുബായിലെ അല്‍ ഖുദ്‌റയില്‍ നിന്ന് ഫുജൈറയിലേക്കുള്ള റെയില്‍ നെറ്റ്‌വര്‍ക് പാസഞ്ചര്‍ സര്‍വിസിന്റെ പ്രീ ലോഞ്ച് യാത്രയില്‍ യു.എ.ഇ വിദേശവ്യാപാര മന്ത്രി ഡോ. ഥാനി ബിന്‍ അഹമ്മദ് അല്‍ സിയൂദിയും. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ അടുത്തവര്‍ഷം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇതിന് മുന്നോടിയായാണ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രീ ലോഞ്ച് യാത്ര സംഘടിപ്പിച്ചത്.

ഏഴു എമിറേറ്റുകളിലുടനീളമുള്ള 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന 900 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയില്‍ ശൃംഖല, മരുഭൂമികളും ഹജര്‍ പര്‍വത നിരകളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രകൃതി ദൃശ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ രൂപകല്‍പന ചെയ്തതാണ്. യാത്രക്കാര്‍ക്ക് മനോഹരവും കാര്യക്ഷമവുമായ യാത്രാനുഭവം പകരുക എന്നതാണ് ഈ അഭിലഷണീയ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 60 ദശലക്ഷം ടണ്ണിലധികം ഗതാഗതം പ്രതീക്ഷിക്കുന്ന ഇത്തിഹാദ് റെയിലിന്റെ ചരക്ക് നീക്കങ്ങളെ ഈ യാത്രാ സേവനം പൂരകമാക്കും. യാത്രക്കാരുടെയും ചരക്ക് സേവനങ്ങളുടെയും സംയോജനം യു.എ.ഇയുടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രാ, ചരക്ക് ഗതാഗതത്തില്‍ റെയില്‍ ശൃംഖല മാറ്റത്തിന്റെ പങ്ക് വഹിക്കുമെന്ന് മന്ത്രി ഡോ. അല്‍ സിയൂദി പറഞ്ഞു.

പ്രവര്‍ത്തന ക്ഷമമായിക്കഴിഞ്ഞാല്‍, പടിഞ്ഞാറ് അല്‍ സില മുതല്‍ കിഴക്കന്‍ തീരത്തെ ഫുജൈറ വരെയുള്ള 11 നഗരങ്ങളെ റെയില്‍ നെറ്റ്‌വര്‍ക് ബന്ധിപ്പിക്കും. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ വഹിക്കാന്‍ കഴിയും. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം യാത്രക്കാരുടെ എണ്ണം 36.5 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കും. അബൂദബിയില്‍ നിന്ന് ദുബൈയിലേയ്ക്ക് ഏകദേശം 57 മിനുട്ടിലും, റുവൈസിലേക്ക് ഏകദേശം 70 മിനുട്ടിലും, ഫുജൈറയിലേക്ക് ഏകദേശം 105 മിനുട്ടിലും യാത്ര ചെയ്യാന്‍ താമസക്കാര്‍ക്ക് കഴിയും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top