
കഴിഞ്ഞ ദിവസങ്ങളിലായി ഷെയ്ഖ് സായിദ് റോഡിലൂടെ പോകുന്നവർ ഡിജിറ്റൽ ട്രാഫിക് ബോർഡിൽ കാണുന്ന ഒരു പ്രത്യേക സന്ദേശമുണ്ട്, അതിവേഗ ലെയ്നുകൾ ഓവർടേക്കിങ്ങിനു മാത്രം. ഓവർ ടേക്ക് ചെയ്തു കഴിഞ്ഞാൽ, തൊട്ടടുത്ത വലത്തേ ലെയ്നിലേക്കു മാറണം. അതിവേഗ ട്രാക്കിലൂടെ മാത്രമുള്ള യാത്രയ്ക്ക് ഇനി പിഴ നൽകേണ്ടി വരുമെന്നാണു പ്രധാന മാറ്റം. അതിവേഗ ലെയ്നിൽ മാത്രം യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക, 400 ദിർഹമാണ് ഈ യാത്രയ്ക്കു നൽകേണ്ടി വരുന്ന പിഴ.
നാലും അഞ്ചും ലെയ്നുള്ള പ്രധാന പാതകളിലെല്ലാം യാത്രക്കാർക്കുള്ള മുന്നറിയിപ്പു ബോർഡുകൾ ആർടിഎ സ്ഥാപിച്ചു കഴിഞ്ഞു. അതിവേഗം കുതിച്ചു പായാനുള്ള ഇടനാഴിയായി ഫാസ്റ്റ് ലെയ്നുകളെ കാണരുതെന്നും മുന്നറിയിപ്പുണ്ട്. ഡ്രൈവർമാർ നിയമം പാലിക്കും വരെ ഈ മുന്നറിയിപ്പു തുടരും. അതിവേഗ ട്രാക്കിൽ കയറുന്നവർ പിന്നീട് അവരുടെ സൗകര്യത്തിനു വേഗം കുറച്ചും കൂട്ടിയും യാത്ര തുടരുന്നതു പിന്നാലെ വരുന്ന വാഹനങ്ങൾക്ക് ആശയക്കുഴപ്പവും അപകടവും ഉണ്ടാക്കും.
അതിവേഗ ലെയ്നിൽ കയറുന്ന ചിലർ പതുക്കെ പോകുന്നതും പതിവാണ്. പിന്നാലെ, വരുന്ന വാഹനങ്ങൾ സഡൻ ബ്രേക്ക് ഇടാനും കൂട്ടിയിടിക്കാനും ഇതു കാരണമാകുന്നു. ഇതേ തുടർന്നാണു സ്പീഡ് ലെയ്ൻ നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചത്.