
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ലോട്ടറിയുടെ വമ്പൻ സമ്മാനം ഇത്തവണ തേടിയെത്തിയത് ഖത്തറിലെ മലയാളിക്ക്. ദോഹയിൽ താമസിക്കുന്ന ജോമി ജോൺ (32) ആണ് 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) സമ്മാനമായി നേടിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന 527-ാം സീരീസ് നറുക്കെടുപ്പിലാണ് ജോമി ഭാഗ്യവാനായത്.
ഈ മാസം 5ന് ഓൺലൈനായി എടുത്ത 4002 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ദോഹയിൽ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യുന്ന ജോമി 9 സഹപ്രവർത്തകരുമായി തുക പങ്കിട്ടാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ രണ്ട് വർഷമായി ഈ സുഹൃദ് സംഘം മാറി മാറി അവരുടെ പേരുകളിൽ ടിക്കറ്റെടുക്കാറുണ്ട്. ഇത്തവണ ജോമിയുടെ പേരിലെടുത്ത ടിക്കറ്റിനെ ഭാഗ്യം കടാക്ഷിക്കുകയായിരുന്നു.
സത്യം പറഞ്ഞാൽ വിശ്വസിക്കാനാവുന്നില്ല. ദുബായ് ഡ്യൂട്ടി ഫ്രീക്ക് ഒരുപാട് നന്ദി. ഞങ്ങളുടെ ഈ കൊച്ചു സംഘത്തിന് ലഭിച്ച വലിയൊരു അനുഗ്രഹമാണിതെന്ന് സമ്മാന വാർത്ത അറിഞ്ഞ ജോമി പ്രതികരിച്ചു.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ 42-ാം വാർഷികത്തിന്റെ തലേന്നാണ് ഈ നറുക്കെടുപ്പ് നടന്നത്. മില്ലേനിയം മില്യനയർ ലോട്ടറി ചരിത്രത്തിൽ ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്ന 267-ാമത്തെ ഇന്ത്യക്കാരനാണ് ജോമി ജോൺ. ടിക്കറ്റ് വാങ്ങുന്നവരിൽ എന്നും മുന്നിൽ നിൽക്കുന്ന ഇന്ത്യക്കാർക്ക് തന്നെയാണ് സമ്മാനലബ്ധിയിലും മുൻതൂക്കം. ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്ടർ രമേശ് ചിദംബിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് നറുക്കെടുപ്പ് നിയന്ത്രിച്ചത്. ജോമി ജോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.