
യുഎഇയിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും റാസൽഖൈമയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെ മുതൽ ആഞ്ഞടിച്ച ശക്തമായ കാറ്റിലും പേമാരിയിലും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുത തൂണുകൾ തകരുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനജീവിതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്.
മഴക്കെടുതി നേരിടാൻ റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്മെന്റ് യുദ്ധകാലാടിസ്ഥാനത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും നടപടികളുമാണ് സ്വീകരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ മുതൽ ഫീൽഡ് ടീമുകൾ രംഗത്തുണ്ട്.
വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടറുകൾ, ടാങ്കറുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ 194 അത്യാധുനിക യന്ത്രങ്ങളാണ് രംഗത്തിറക്കിയിരിക്കുന്നത്. കാലാവസ്ഥാ സംബന്ധമായ തടസ്സങ്ങൾ അറിയിക്കാൻ പ്രത്യേക കൺട്രോൾ റൂം തുറന്നു. ഇതുവരെ 217 പരാതികളാണ് ലഭിച്ചത്. ഓരോ പരാതിയിലും ഉടനടി നടപടി സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. റാക് പൊലീസിന്റെ നേതൃത്വത്തിൽ 50 പ്രത്യേക പട്രോളിങ് സംഘങ്ങളെയാണ് എമിറേറ്റിലുടനീളം വിന്യസിച്ചിരിക്കുന്നത്.
മലയോര മേഖലകളിലും വാദികളിലും ഡ്രോണുകൾ ഉപയോഗിച്ചും നേരിട്ടും പൊലീസ് നിരീക്ഷണം ശക്തമാക്കി. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള അണക്കെട്ടുകൾക്കും വാദികൾക്കും സമീപം പൊലീസ് ഉദ്യോഗസ്ഥർ ക്യാംപ് ചെയ്യുന്നു. റോഡുകളിലെ തടസ്സങ്ങൾ നീക്കം ചെയ്യാനും വാഹനങ്ങൾ വഴിതിരിച്ചുവിടാനും സിവിൽ ഡിഫൻസ്, നാഷണൽ ഗാർഡ് എന്നിവരുമായി സഹകരിച്ച് പൊലീസ് പ്രവർത്തിക്കുന്നു.
അപകടസാധ്യത അവഗണിച്ച് വാദികളിൽ (മലയോര തടാകങ്ങൾ) ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വെള്ളമൊഴുക്കുള്ള വാദികളിൽ ഇറങ്ങിയാൽ 2,000 ദിർഹം പിഴയും വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മഴ ആസ്വദിക്കാൻ വാദികൾക്കോ അണക്കെട്ടുകൾക്കോ സമീപം തടിച്ചുകൂടിയാൽ 1,000 ദിർഹം ആണ് പിഴ.