
ഷാർജയിലെ ചരിത്രപ്രധാനമായ ‘ഫായ’ പ്രദേശം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയ ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പങ്കെടുത്തു. മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ, ഈ നേട്ടം അടയാളപ്പെടുത്തുന്ന സ്മാരകം ഷെയ്ഖ് ഡോ. സുൽത്താൻ അനാച്ഛാദനം ചെയ്തു. ലോക പൈതൃക കേന്ദ്രം ഡയറക്ടർ ലസാരെ എലൗണ്ടൗ അസ്സോമോയിൽ നിന്ന് അദ്ദേഹം ഔദ്യോഗിക എൻസ്‌ക്രിപ്‌ഷൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
2 ലക്ഷം വർഷം മുൻപ് ആധുനിക മനുഷ്യൻ ആഫ്രിക്കയിൽ നിന്ന് കുടിയേറിയതിന്റെ ആദ്യകാല തെളിവുകൾ ഫായയിൽ കണ്ടെത്തിയിരുന്നു. അറബിക്കടലിന്റെ തീരം കേവലം ഒരു സഞ്ചാര പാതയായിരുന്നില്ല, മനുഷ്യന്റെ ആദ്യകാല വാസസ്ഥലം കൂടിയായിരുന്നുവെന്ന് ഫായയിലെ കണ്ടെത്തലുകൾ തെളിയിച്ചു.
ചരിത്രപരമായ സ്ഥലങ്ങളുടെ മൂല്യം സാംസ്കാരികവും മാനുഷികവുമാണെന്ന് ഷെയ്ഖ് ഡോ. സുൽത്താൻ പറഞ്ഞു. ഈ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിലൂടെ നമ്മൾ അറിവും മനുഷ്യാനുഭവങ്ങളുമാണ് സംരക്ഷിക്കുന്നത്. ഭാവി തലമുറയ്ക്ക് അവരുടെ വേരുകളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കും.