ublnews.com

മോട്ടർ സൈക്കിളുകൾക്കും ഇ-ബൈക്കുകൾക്കും ഇനി മുതൽ മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധം

കോർപറേറ്റ് ഡെലിവറി സർവീസുകൾക്കായി ഉപയോഗിക്കുന്ന മോട്ടർ സൈക്കിളുകൾക്കും ഇ-ബൈക്കുകൾക്കും ഇനി മുതൽ മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധമാക്കുന്നു. നിലവിൽ പിന്നിൽ മാത്രമാണ് ഇത്തരം വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആണ് സുപ്രധാനമായ ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഈ മാസം അവസാനം മുതൽ നിയമം പ്രാബല്യത്തിൽ വരും. ലൈസൻസ് പുതുക്കുന്നതിനനുസരിച്ച് ഘട്ടം ഘട്ടമായാണ് പുതിയ നിയമം നടപ്പാക്കുകയെന്ന് അധികൃതർ അറിയിച്ചു. ആർടിഎയും ദുബായ് പൊലീസും സംയുക്തമായി നടപ്പാക്കുന്ന പരിഹാരങ്ങളുടെയും പദ്ധതികളുടെയും ഭാഗമായാണ് ഡെലിവറി മോട്ടർ സൈക്കിളുകൾക്ക് മുൻ നമ്പർ പ്ലേറ്റുകൾ അവതരിപ്പിക്കുന്നത്. ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന മോട്ടർ സൈക്കിളുകൾക്ക് അധികമായി മുൻവശത്ത് ഒരു പ്ലേറ്റ് കൂടി നൽകാനുള്ള തീരുമാനമാണിതെന്ന് ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. ഈ വിഭാഗത്തെ വേർതിരിച്ചറിയുന്നതിനായി, സ്വർണ പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളോടുകൂടിയ ‘9’ എന്ന കോഡ് ഉൾപ്പെടുത്തിയ മുന്നിലും പിന്നിലുമുള്ള പ്ലേറ്റുകളാണ് ആർടിഎ നൽകുക.

ലൈസൻസിങ് ഷെഡ്യൂൾ അനുസരിച്ച് പുതുക്കുമ്പോഴോ, പ്ലേറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോഴോ പുതിയ യൂണിഫൈഡ് നമ്പർ നൽകിയാണ് ആർടിഎ പ്ലേറ്റുകൾ വിതരണം ചെയ്യുക. പാഴ്സൽ, ഡോക്യുമെന്റ് ഡെലിവറി, ഓർഡർ മാനേജ്‌മെന്റ് സേവനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഡെലിവറി, വാടകയ്‌ക്കെടുത്ത മോട്ടർ സൈക്കിളുകൾ എന്നിവയുൾപ്പെടെ വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകമാവുക. വ്യക്തിഗത ഉപയോഗത്തിനുള്ള (നോൺ-കൊമേഴ്‌സ്യൽ) മോട്ടർ സൈക്കിളുകൾക്ക് പുതിയ നിയമം ബാധകമല്ല.

നേരത്തെ, ഡെലിവറി മോട്ടർ സൈക്കിളുകൾ അതിവേഗ പാതകൾ ഉപയോഗിക്കുന്നതിന് ദുബായ് പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സുമായി ചേർന്ന് ആർടിഎ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അഞ്ച് ലൈനുകളോ അതിൽ കൂടുതലോ ഉള്ള റോഡുകളിൽ ഡെലിവറി റൈഡർമാർക്ക് ഇടത് വശത്തെ രണ്ട് ഫാസ്റ്റ് ലൈനുകൾ ഉപയോഗിക്കാൻ വിലക്കുണ്ട്. മൂന്നോ നാലോ ലൈനുകളുള്ള റോഡുകളിൽ ഇടത് വശത്തെ ഫാസ്റ്റ് ലെയിനും ഉപയോഗിക്കാൻ പാടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top