
ഷാർജ നിക്ഷേപ വികസന അതോറിറ്റി ഖോർഫക്കാനിലെ പ്രമുഖ തീരദേശ പദ്ധതിയായ ‘അജ്വാൻ ഖോർഫക്കാൻ റസിഡൻസസി’ന്റെ മൂന്നാം ഘട്ടം വിൽപനയ്ക്ക് തുറന്നു കൊടുത്തു. ലയാൻ, ജുമാൻ എന്നീ പേരുകളിലുള്ള രണ്ട് പുതിയ റസിഡൻഷ്യൽ ടവറുകളാണ് ഈ ഘട്ടത്തിൽ അവതരിപ്പിച്ചത്.
യുഎഇ ആസ്ഥാനമായുള്ള ‘ദർവിഷ് എൻജിനീയറിങ് എമിറേറ്റ്സി’നെ പ്രധാന കരാറുകാരായി നിയമിച്ചു. ഈ സ്ഥാപനം എല്ലാ ഘട്ടങ്ങളുടേയും നിർമ്മാണത്തിന് മേൽനോട്ടം വഹിക്കും. ഖോർഫക്കാനെ പ്രമുഖ തീരദേശ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ഷുറൂഖിന്റെ ലക്ഷ്യത്തിന് ഇത് കരുത്തേകുമെന്ന് ഷുറൂഖ് ചീഫ് റിയൽ എസ്റ്റേറ്റ് ഓഫിസർ യൂസഫ് അഹമ്മദ് അൽ മുതവ പറഞ്ഞു.
ആകെ 89,100 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആറ് റസിഡൻഷ്യൽ കെട്ടിടങ്ങളാണ് ഈ മാസ്റ്റർ പ്ലാൻ ചെയ്ത വികസനത്തിലുള്ളത്. ഒമാൻ ഉൾക്കടലിന്റെയോ ഖോർഫക്കാനിലെ മലനിരകളുടെയോ കാഴ്ച ലഭിക്കുന്ന 185 അപ്പാർട്മെന്റുകളാണ് ഇവിടെയുള്ളത്. രണ്ടു മുതൽ നാല് വരെ കിടപ്പുമുറികളുള്ള അപ്പാർട്ട്‌മെന്റുകളും പ്രീമിയം ഡ്യൂപ്ലെക്സുകളും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. കടൽത്തീരത്തെ നടപ്പാതയിലേക്കും റീട്ടെയിൽ ഏരിയകളിലേക്കും നേരിട്ട് പ്രവേശനം നൽകുന്നു.
മറീനയുടെ കാഴ്ചകളും വാട്ടർഫ്രണ്ട് നടപ്പാതയിലേക്കുള്ള പ്രവേശനവും നൽകുന്നു. സ്വകാര്യ മറീന, ബീച്ച് ആക്സസ്, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഇവിടെ ഒരുക്കുന്നുണ്ട്.