ublnews.com

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ വൻ വികസന പദ്ധതികൾക്ക് കരാർ നൽകി ആർടിഎ

വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും മറികടക്കാൻ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ വൻ വികസന പദ്ധതികൾക്ക് കരാർ നൽകി ആർടിഎ. അൽ അവീർ റോഡ്, അൽ മനാമ സ്ട്രീറ്റ് എന്നിവയും വികസിപ്പിക്കും. റോഡുകളുടെ വീതി കൂടും എന്നതാണ് പ്രധാന നേട്ടം. കൂടുതൽ വരികൾ കൂട്ടിച്ചേർക്കും. ഇതിനു പുറമെ, പുതിയ പാലങ്ങളും നിർമിക്കും.

2.3 കിലോമീറ്ററാണ് പാലങ്ങളുടെ ആകെ നീളം. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലും അൽ അവീർ റോഡിലും ഇരുവശത്തേക്കും പുതിയ സർവീസ് റോഡുകൾ നിർമിക്കും. ഇവിടെയുള്ള പാർപ്പിട സമുച്ചയങ്ങളിൽ നിന്നും മറ്റു കെട്ടിടങ്ങളിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കാനും മടങ്ങാനും പ്രത്യേകം എക്സിറ്റ് എൻട്രി പോയിന്റുകൾ ഉണ്ടാകും.

പദ്ധതി പൂർത്തിയാകുന്നതോടെ ഈ റോഡുകൾക്ക് മണിക്കൂറിൽ 14,400 വാഹനങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷി നേടും. നിലവിൽ 5200 വാഹനങ്ങൾ ഉൾക്കൊള്ളാൻ മാത്രമാണ് ശേഷി. 176% അധികം ശേഷിയാണ് ഈ സ്ട്രീറ്റുകൾക്ക് ഇനി ലഭിക്കുക. 20 മിനിറ്റ് യാത്ര 5 മിനിറ്റായി കുറയും. 2028 പകുതിയോടെ പദ്ധതി പൂർത്തിയാകും. നഗര പരിധിയിൽ ഏകദേശം 6 ലക്ഷം താമസക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

∙ റൗണ്ട് എബൗട്ട് മാറും, 4 വരി പാലം വരും

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റും അൽ അവീർ റോഡും ചേരുന്ന ജംക്‌ഷനിലെ റൗണ്ട് എബൗട്ട് മാറ്റി 4 വരികളോടു കൂടിയ പുതിയ പാലം നിർമിക്കും. ഇടത്തേക്കും വലത്തേക്കും തിരിയുന്നതിനു പ്രത്യേക റാംപുകളും നിർമിക്കുന്നതോടെ ഇവിടത്തെ കുരുക്കിനു പരിഹാരമാകും. അവീർ റോഡും എമിറേറ്റ്സ് റോഡും ചേരുന്ന ഭാഗത്തും ഷാർജ ഭാഗത്തേക്കും പുതിയ പാലം നിർമിക്കും.

അൽ നഹ്യാൻ സ്ട്രീറ്റും അൽ മനാമ സ്ട്രീറ്റും ചേരുന്ന ഭാഗത്ത് റോഡിന്റെ ഉപരിതലം റീ ടാർ ചെയ്തു മെച്ചപ്പെടുത്തും. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ നിലവിലുള്ള രണ്ടു വരി റോഡ് 4 വരിയായി മാറും. ദുബായ് അൽഐൻ റോഡുമായി ചേരുന്ന 3 കിലോമീറ്റർ ദൂരം നവീകരിക്കും. സിലിക്കൺ ഒയാസിസ് ഇന്റർ സെക്‌ഷനിൽ 120 മീറ്റർ നീളത്തിൽ 4 വരികളോടു കൂടിയ പാലം ഇരുവശത്തേക്കും നിർമിക്കും. മണിക്കൂറിൽ 14400 വാഹനങ്ങൾ കടന്നു പോകാൻ ശേഷിയുള്ളതാണ് പാലങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top