ublnews.com

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ പെയ്തു. അബുദാബി, ദുബായ്,ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ,റാസൽഖൈമ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയും മറ്റ‌ിടങ്ങളിൽ നേരിയ മഴയും ലഭിച്ചു. ‌ മഴ പെയ്തതോടെ യുഎഇയിലെ താപനില കുറഞ്ഞു. ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രിയുമാണ്. പടിഞ്ഞാറു ദിശയിൽ നിന്നുള്ള ന്യൂനമർദ്ദവും അന്തരീക്ഷ ഉപരിതലത്തിൽ തണുത്ത വായുവിന്റെ സാന്നിധ്യവും മൂലം അസ്ഥിര കാലാവസ്ഥ തുടരുമെന്നും അറിയിപ്പുണ്ട്.

യുഎഇയിൽ 19 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. കാറ്റിന്റെ വേഗം മണിക്കൂറിൽ 25 കി.മീ വരെ വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ നിറഞ്ഞ് ദൃശ്യപരിധി കുറയും. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ബുധനാഴ്ച വരെ ഇടിമിന്നലിന്റെ അകമ്പടിയോടെ തീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. കടൽ പ്രക്ഷുബ്ധമാകാനും തിരമാല ഉയരാനും സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. തടാകങ്ങളിൽനിന്നും (വാദി) താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു.

മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ അബുദാബി എമിറേറ്റിൽ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയും. അസ്ഥിര കാലാവസ്ഥാ സമയങ്ങളിൽ വേഗം കുറച്ചില്ലെങ്കിൽ 1000 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top